മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒ.യുമായ ഡോ. കെ.എം. എബ്രഹാം വിഖ്യാതമായ ലണ്ടൻ മാരത്തോൺ വിജയകരമായി പൂർത്തിയാക്കി.ബ്രെയിൻ റിസർച്ച് യു.കെ.യുടെ സ്‌പോൺസർഷിപ്പിന് കീഴിലാണ് ഡോ. കെ.എം. എബ്രഹാം മാരത്തണിൽ ഓടിയത്. 42.2 കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ലണ്ടൻ മാരത്തൺ.മഴയേയും ശരാശരി പത്ത് ഡിഗ്രി സെൽഷ്യസ് മാത്രം വരുന്ന ശൈത്യകാലാവസ്ഥയെയും അതിജീവിച്ചാണ് 5 മണിക്കൂർ 36 മിനുട്ട് കൊണ്ട് ഡോ. കെ.എം. എബ്രഹാം മാരത്തൺ ഓട്ടം പൂർത്തിയാക്കിയത്. കിഫ്ബി ലോഗോ ആലേഖനം ചെയ്ത ജഴ്‌സി ധരിച്ചു കൊണ്ടാണ് അദ്ദഹം മാരത്തണിൽ ഓടിയത്.
”കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബിയുടെ ദൗത്യം ഒരു ഹ്രസ്വ കാല ലക്ഷ്യമല്ലെന്നും സ്ഥിരതയും കാഠിന്യവും ഒത്തുച്ചേർന്ന ദീർഘകാല ലക്ഷ്യമാണെന്നുമുള്ള വസ്തുതയുടെ ഓർമപ്പെടുത്തലായിരുന്നു എനിക്കും കിഫ്ബി ടീമിനും ഈ മാരത്തൺ.” – മാരത്തൺ പൂർത്തിയാക്കിയ ശേഷം ഡോ. കെ.എം എബ്രഹാം പറഞ്ഞു.ബ്രെയിൻ റിസർച്ച് യുകെയുടെ സ്‌പോൺസർഷിപ്പിന് കീഴിൽ ഓടിയതിന്‍റെ കാരണവും അദ്ദേഹം വിശദീകരിച്ചു.’മസ്തിഷ്‌ക രോഗങ്ങൾ നമ്മുടെ കുടുംബങ്ങളെയും സാമൂഹിക വൃത്തങ്ങളെയും എന്നെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. നമ്മുടെ പല കുടുംബങ്ങളിലെയും മാതാപിതാക്കളും മുത്തശ്ശിമാരും പ്രായമാകുമ്പോൾ ഡിമെൻഷ്യ, അൽഷിമേഴ്സ് പോലുള്ള വെല്ലുവിളി നിറഞ്ഞ അവസ്ഥകൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ അസുഖങ്ങൾ കാരണം നമ്മുടെ പ്രിയപ്പെട്ടവരുടെ വ്യകതിത്വവും സ്വഭാവവും മാറുന്നത് കാണുന്നത് ഹൃദയഭേദകമാണ്. കൂടാതെ, ഹണ്ടിംഗ്ടൺസ്, പാർക്കിൻസൺസ്, മോട്ടോർ ന്യൂറോൺ, ബ്രെയിൻ ട്യൂമറുകൾ, സുഷുമ്‌നാ നാഡിക്ക് പരിക്കുകൾ, അറ്റാക്‌സിയ തുടങ്ങിയ മറ്റ് രോഗങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. കഴിഞ്ഞ ദശകത്തിൽ രോഗനിർണയത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, കാരണങ്ങൾ മനസ്സിലാക്കുന്നതിനും ഫലപ്രദമായ പരിചരണവും ചികിത്സയും വികസിപ്പിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്.’
2,000 പൗണ്ട് (2 ലക്ഷം രൂപ) ആയിരുന്നു ആദ്യം ലക്ഷ്യം വച്ചിരുന്നതെങ്കിലും ഓട്ടത്തിനായി ഒരു മാസത്തിനുള്ളിൽ 2,475 പൗണ്ട് (2.53 ലക്ഷം രൂപ) നേടാൻ കഴിഞ്ഞു. ഈ തുക ബ്രെയിൻ റിസർച്ച് യു.കെ.യിൽ എത്തുന്നത് വഴി ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നതിലേക്കുള്ള എളിയ സംഭാവനയാകും എന്നും ഡോ.കെ.എം.എബ്രഹാം പറഞ്ഞു.