ചെന്നൈ: വിജയുടെ ടിവികെയെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് സൂചിപ്പിച്ച് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. മുന്നണി വിപുലമാകുമെന്ന് ഇപിഎസ് പറഞ്ഞു. സഖ്യത്തിനുള്ള ശുഭാരംഭം ആയെന്ന് റാലിയിൽ വീശിയ ടിവികെ പതാകകൾ ചൂണ്ടിക്കാട്ടി എടപ്പാടി പളനിസാമി പറഞ്ഞു. വിജയ്‍യുമായി ഇപിഎസ് സംസാരിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ പരാമർശം. കുമാരപാളയത്ത് അണ്ണാഡിഎംകെയുടെ റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ്.
“കുമാരപാളയത്തിലെ അലർച്ച നിങ്ങളുടെ കാതുകളിൽ തുളച്ചു കയറാൻ പോകുന്നു. നിങ്ങളുടെ പദ്ധതി വിജയിക്കില്ല. നിങ്ങൾ മനക്കോട്ട കെട്ടുകയാണ്. ആ സ്വപ്നം ഒരു മരീചികയായി മാറും”- എന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എടപ്പാടി പളനിസാമിയുടെ മുന്നറിയിപ്പ്.
വിജയ്‍യെ ഫോണിൽ വിളിച്ച് എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം അര മണിക്കൂർ സംസാരിച്ചു. ഡിഎംകെയെയും എംകെ സ്റ്റാലിനെയും തോൽപ്പിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് ഇപിഎസ് അഭ്യർത്ഥിച്ചു. പൊങ്കലിന് ശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നാണ് വിജയ് ഇപിഎസിന് നൽകിയ മറുപടിയെന്നാണ് വിവരം. ഇപ്പോൾ കരൂരിലെ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതിലും സംസ്ഥാന പര്യടനം പുനരാരംഭിക്കുന്നതിലുമാണ് ശ്രദ്ധയെന്ന് വിജയ് വിശദീകരിച്ചു. കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് വിജയ് ഇ-മെയിൽ അയച്ചു. ദുരന്തബാധിതരുടെ കുടുംബത്തെ തനിക്ക് കാണണമെന്നും അവർക്ക് സഹായം നൽകണമെന്നും അതിനാൽ കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്. കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോള്‍ വഴി വിജയ് സംസാരിച്ചു കുടുംബത്തെ അനുശോചനം അറിയിക്കുകയും പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.