പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികളുടെ സാന്നിധ്യം ശക്തമാകുന്നു. ഗോസ്നേൽസ്, അർമഡെയിൽ, ക്വിനാന എന്നിവിടങ്ങളിലെ കൗൺസിലുകളിലേക്കാണ് മലയാളികളായ ഡോ. സുമി ആൻ്റണി, ടോണി തോമസ്, സോളമൻ ജേക്കബ് എന്നിവർ രംഗത്തിറങ്ങിയത്.
ഡോ. സുമി ആന്റണി ഗോസ്നേൽസ് സിറ്റി കൗൺസിലിലേക്കാണ് മത്സരിക്കുന്നത്. ഇതുവരെ മലയാളികളോ ഇന്ത്യക്കാരോ വിജയിച്ചിട്ടില്ലാത്ത ഗോസ്നേൽസ് സിറ്റി കൗൺസിലിൽ വളരെ ശക്തമായ വിജയ പ്രതീക്ഷയാണ് ഓസ്ട്രേലിയയിലെ ഹൈസ്‌കൂൾ അധ്യാപികയായ ഡോ. സുമിക്കുള്ളത്. ഇരിങ്ങിലാക്കുട ഇടവകയിലെ മാളിയേക്കൽ കുടുംബാംഗമാണ് സുമി. പെർത്തിൽ കാനിംഗ് വെയിലിൽ താമസിക്കുന്ന വിനു ജോൺസണാണ് ഭർത്താവ്.
ടോണി തോമസ് അർമഡെയിൽ സിറ്റി കൗൺസിലിലെ റാൻഫോർഡ് വാർഡിൽ മത്സരിക്കുന്നു. ഇരിട്ടി ഉളിക്കൽ സ്വദേശിയും അക്കരെ കുടുംബാംഗവുമാണ് ടോണി. രണ്ട് വർഷം മുമ്പ് നടന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച ടോണി തോമസ് 48 ശതമാനത്തോളം വോട്ട് നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
സോളമൻ ജേക്കബ് ക്വിനാന സിറ്റി കൗൺസിലിലേക്കാണ് മത്സരിക്കുന്നത്, തിരുവല്ല പുല്ലാട് സ്വദേശിയും ചെറുപുഴയത്ത് കുടുംബാംഗവുമാണ് സോളമൻ. മാർട്ടിനിലുള്ള മാർത്തോമ ഇടവകാംഗമായ അദ്ദേഹം ക്വിനാനയിലാണ് താമസം.
വെസ്റ്റേൺ ഓസ്ട്രേലിയയിലെ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പുകൾ ഒക്ടോബർ 18 നാണ് പൂർത്തിയാകുന്നത്. പോസ്റ്റൽ വോട്ടിംഗ് സംവിധാനത്തിലാണ് വോട്ടെടുപ്പ്. അന്നേ ദിവസം വൈകുന്നേരത്തോടെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഓസ്ട്രേലിയയിലെ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിലല്ല മത്സരം നടക്കുന്നത്. സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സേവനവും സമൂഹനിരതതയും ആണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത്.