തൊടുപുഴ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയിൽ എത്തിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി, തൊടുപുഴ സ്വദേശികളായ ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സംഘത്തെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. പ്രതികളുടെ ഥാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു ഷാജൻ സ്കറിയക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവത്തിന് തൊട്ടുപുറകേ, കടന്നുകളഞ്ഞ അക്രമിസംഘത്തെ, ബംഗളൂരുവിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. അതിക്രമത്തിന് നേതൃത്വം നൽകിയ മാത്യൂസ് കൊല്ലപ്പള്ളി, ഷിയാസ് കൊന്താലം ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സംഘത്തിലെ അഞ്ചാമന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. നിലവിൽ ഇവർക്കെതിരെ വധശ്രമം, സംഘംചേർന്ന് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഷാജനെ ആക്രമിച്ചതിന് തൊട്ടുപുറകേ, മാത്യൂസ് കൊല്ലപ്പളളി സമൂഹ മാധ്യമങ്ങളിലിട്ട കുറിപ്പ് നിർണായകമായി. ഇതുൾപ്പെടെ പിന്തുടർന്നാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. പ്രതികളെ മുഴുവനും ഷാജൻ സ്കറിയ തിരിച്ചറിയുകയും ചെയ്തു.
മാധ്യമത്തിലൂടെയുളള ഇടപെടലുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പറ്റാത്തതിനാൽ കായികമായി കൈകാര്യം ചെയ്ത് തന്നെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ഷാജൻ സ്കറിയയുടെ പ്രതികരണം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെങ്കിലും പാർട്ടിക്ക് പങ്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഷാജൻ സ്കറിയയോട് മാത്യൂസ് കൊല്ലപ്പള്ളിക്കുള്ള വ്യക്തിവൈരാഗ്യമെന്നും സിപിഎം ജില്ലാ നേതാക്കൾ പറയുന്നു.