പെരുമ്പാവൂർ : വഴിയരികിൽ തള്ളിയ മനോദൗർബല്യമുള്ള ആയിരക്കണക്കിനു പേർക്ക് അമ്മയും സഹോദരിയുമായിരുന്നു മേരി എസ്തപ്പാൻ എന്ന ‘മേരിച്ചേച്ചി’. കൂട്ടുകുടുംബത്തിൽ ജനിച്ച മേരി എസ്തപ്പാൻ ഇവിടെ നിന്നു കിട്ടിയ മൂല്യങ്ങളും നന്മകളും വെളളവും വളവുമാക്കിയാണ് 420ൽ പരം അംഗങ്ങളുള്ള ബത്‌ലഹം അഭയഭവൻ എന്ന മഹാകുടുംബത്തിന്റെ കാരണവത്തിയായി വളർന്നത്.
പൊലീസും മറ്റും സന്നദ്ധ പ്രവർത്തകരും തെരുവിൽ നിന്നു കണ്ടെത്തുന്നവർ, കുടുംബങ്ങളിൽ നിന്നു കൊണ്ടുവരുന്നവർ, മാനോദൗർബല്യമുള്ളവർ തുടങ്ങിയവർക്കാണ് അഭയഭവനിൽ അഭയം നൽകുന്നത്. വിവിധ ഭാഷക്കാരും മതക്കാരും ഈ കുടുംബത്തിലെ അംഗങ്ങളാണ്. അന്തേവാസികളായിരുന്നവരിൽ പലരും മനോദൗർബല്യം മാറി ബന്ധുക്കൾക്കൊപ്പം പോയി. തെരുവിൽ കാണാതായവരെ ബന്ധുക്കളെ കണ്ടെത്തി തിരികെ ഏൽപിച്ചു. കുറച്ചുപേർ പ്രായാധിക്യംമൂലം മരിച്ചു.
അഭയഭവന്റെ പിറവി
27 വർഷം മുൻപ് 1998ൽ മേരി എസ്തപ്പാന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവമാണ് അഭയഭവൻ എന്ന അഭയകേന്ദ്രത്തിന്റെ തുടക്കത്തിനു കാരണം. 3 കുട്ടികൾക്കൊപ്പം പോട്ട ധ്യാനകേന്ദ്രത്തിൽ പോയി തിരികെ വരുമ്പോൾ പീറ്റർ എന്ന എൺപതുകാരനെ കണ്ടുമുട്ടി. അനാഥനായ അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുവന്ന് പഴയ കെട്ടിടം വൃത്തിയാക്കി അവിടെ താമസിപ്പിച്ചു. അതായിരുന്നു ആദ്യത്തെ അഭയഭവൻ.
പീറ്റർ ആദ്യ അന്തേവാസിയുമായി.നാട്ടുകാരുടെയും അയൽവാസികളുടെയും എതിർപ്പ് അവഗണിച്ച് കൂടുതൽ അന്തേവാസികളെ താമസിപ്പിച്ചു. പലരും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. അങ്ങനെ മേരിയുടെ കഠിനാധ്വാനത്തിലും സ്നേഹത്തിലും അഭയഭവൻ കാൽ നൂറ്റാണ്ടു പിന്നിട്ടു.
സ്വപ്നം ബാക്കിയാക്കി
മനോരോഗ ചികിത്സയ്ക്കുള്ള അഭയം സെന്റർ ഫോർ മെന്റൽ ഹെൽത്ത്,വെൽനസ് ആൻഡ് പാലിയേറ്റീവ് കെയർ എന്ന സ്ഥാപനത്തിന്റെ പണിപ്പുരയിലായിരുന്നു മേരി. ആ സ്വപ്നം സാക്ഷാത്ക്കരിക്കാതെയാണു മടക്കം. അഭയഭവൻ അന്തേവാസികൾക്കും സമൂഹത്തിൽ മനോദൗർബല്യം അനുഭവിക്കുന്നവർക്കും ചികിത്സ നൽകുക എന്നതാണ് ലക്ഷ്യം. ഡിറ്റർജന്റുകളുടെ നിർമാണം, മെഡിക്കൽ ഷോപ്പ് തുടങ്ങിയവയും അഭയഭവൻ നടത്തുന്നുണ്ട്.
ആരോഗ്യ മേഖലയിൽ ഒട്ടേറെ പേർക്കു തൊഴിലും നൽകുന്നു. അന്തേവാസികൾക്കു മികച്ച സൗകര്യങ്ങളും ചികിത്സയും നൽകണമെന്നതു മേരിയുടെ നിർബന്ധമായിരുന്നു. സർക്കാർ സഹായവും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ധനസഹായവും ചേർത്ത് അഭയഭവനെ നയിക്കാൻ മേരിക്കു കഴിഞ്ഞു.