പെരുമ്പാവൂർ:വഴിയരികിൽ തള്ളിക്കിടന്ന മനോദൗർബല്യമുള്ള നൂറുകണക്കിന് പേരെ അമ്മയായും സഹോദരിയായും സംരക്ഷിച്ച മേരി എസ്തപ്പാൻ (മേരിച്ചേച്ചി) ഇനി ഈ ലോകത്തിൽ ഇല്ല. ‘ബത്‌ലഹം അഭയഭവൻ’ എന്ന പേരിൽ പ്രവർത്തിക്കുന്ന 420ലേറെ അന്തേവാസികളുള്ള മഹാകുടുംബത്തിന്റെ കാരണവതിയായി മാറിയ മേരിച്ചേച്ചിയുടെ വിടവാങ്ങൽ പെരുമ്പാവൂരിനും സമൂഹത്തിനും വലിയ നഷ്ടമായി.
വാഹ നാപകടത്തെ തുടർന്ന് 2 മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2025 ഓഗസ്റ്റ് 6ന് അടൂരിനു സമീപമാണ് അപകടമുണ്ടായത്. അഭയഭവന്റെ ആവശ്യത്തിന് മന്ത്രി എം.ബി. രാജേഷിനെ കാണുന്നതിന് കാറിൽ പോകുമ്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞായിരുന്നു അപകടം. ആദ്യം അടൂരിലും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി ഉറുമീസിന്റെയും മറിയത്തി ന്റെയും മകളായ മേരി വിവാഹശേഷമാണ് കൂവപ്പടിയിലെത്തുന്നത്. 3 മക്കളുടെ അമ്മയായി കഴിയുമ്പോഴാണ് 1998ൽ വീടി നോടു ചേർന്ന് ബത്ലഹം അഭയ ഭവൻ തുടങ്ങിയത്.
കൂട്ടുകുടുംബത്തിൽ ജനിച്ച മേരിച്ചേച്ചി, ജീവിതത്തിൽ നിന്നു നേടിയ മൂല്യങ്ങൾക്കും കരുണയ്ക്കും ബലമായി 1998-ൽ ബത്‌ലഹം അഭയഭവന്റെ പിറവിക്ക് വഴിവെച്ചു. മൂന്നു കുട്ടികളോടൊപ്പം പോട്ട ധ്യാനകേന്ദ്രത്തിൽ നിന്നു മടങ്ങുമ്പോൾ കണ്ടുമുട്ടിയ അനാഥനായ എൺപതുകാരൻ പീറ്ററാണ് ആദ്യ അന്തേവാസി. അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുവന്ന് പഴയ കെട്ടിടം വൃത്തിയാക്കി താമസിപ്പിച്ചതാണ് അഭയഭവന്റെ തുടക്കം.
ആദ്യകാലത്ത് നാട്ടുകാരുടെ എതിർപ്പ് നേരിട്ടെങ്കിലും മേരിച്ചേച്ചി പിന്മാറിയില്ല. തെരുവിൽ നിന്നു പൊലീസും സന്നദ്ധപ്രവർത്തകരും കണ്ടെത്തിയവർക്കും, കുടുംബങ്ങൾ ഉപേക്ഷിച്ചവർക്കും, മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും അഭയമാകുകയായിരുന്നു ബത്‌ലഹം. വർഷങ്ങൾക്കിടെ ചിലർ മനോദൗർബല്യം മാറി കുടുംബങ്ങളിലേക്കു മടങ്ങി; ചിലരെ ബന്ധുക്കളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു; കുറച്ചുപേർ പ്രായാധിക്യം മൂലം അന്തരിച്ചു.
അഭയഭവൻ വിവിധ മതങ്ങളിലെയും ഭാഷകളിലെയും ആളുകൾ ഒരുമിച്ച് ജീവിക്കുന്ന കുടുംബമായി മാറി. സർക്കാർ സഹായവും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ധനസഹായവും ചേർത്ത് മേരിച്ചേച്ചി സ്ഥാപനത്തെ നയിച്ചു.
മേരിച്ചേച്ചിയുടെ വലിയ സ്വപ്നം ‘സെന്റർ ഫോർ മെന്റൽ ഹെൽത്ത്, വെൽനസ് ആൻഡ് പാലിയേറ്റീവ് കെയർ’ എന്ന പുതിയ ചികിത്സാ-ആശ്രയകേന്ദ്രമായിരുന്നു. അതിന്റെ പണിപ്പുരയിലാണ് അവർ അവസാനമായി പ്രവർത്തിച്ചത്. ആ സ്വപ്നം സാക്ഷാത്കരിക്കാതെ തന്നെയാണ് അവർ വിട പറഞ്ഞത്.
അഭയഭവൻ ഇപ്പോൾ ഡിറ്റർജന്റ് നിർമ്മാണം, മെഡിക്കൽ ഷോപ്പ് തുടങ്ങിയ സംരംഭങ്ങൾ വഴിയും പ്രവർത്തനം വിപുലീകരിച്ചിരിക്കുകയാണ്. നിരവധി പേർക്ക് ആരോഗ്യരംഗത്ത് തൊഴിൽ അവസരങ്ങളും ഇവിടെ ലഭിക്കുന്നു. അന്തേവാസികൾക്ക് മികച്ച സൗകര്യങ്ങളും ചികിത്സയും ഉറപ്പാക്കണമെന്നത് മേരിച്ചേച്ചിയുടെ ആവർത്തനമായ അഭ്യർത്ഥനയായിരുന്നു.
കാരുണ്യ രംഗത്തെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ 2017ലെ പ്രഥമ അക്കാമ ചെറിയാൻ വനിതാ രത്ന പുരസ്ക്‌കാരം നൽകി. കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ അവാർഡ്, മഹാത്മാ ഫൂലെ നാഷനൽ എക്‌സലൻസി അവാർഡ്, ഗാന്ധിഭവൻ സ്‌മാരക അവാർഡ്, സർവോദയം കുര്യൻ അവാർഡ്, മർത്ത മറിയം പുരസ്ക്‌കാരം തുട ങ്ങിയവയും ലഭിച്ചു.
മക്കൾ: നിഷ എസ്തപ്പാൻ (ബ്രിസ്‌ബെയ്ൻ), അനു എസ്‌തപ്പാൻ (മെൽബൺ), ബിനു എസ്‌തപ്പാൻ. മരുമക്കൾ: സെൻസി (കൂരൻ, അങ്കമാലി), ടിന അനു, ടീന ബിനു
മേരിയുടെ സഹോദരൻ മാർട്ടിൻ എം. യു.