ന്യൂയോർക്ക്: ഇസ്രായേൽ സൈന്യത്തിന് നൽകിയിരുന്ന ചില സേവനങ്ങൾ നിർത്തലാക്കിയതായി അമേരിക്കൻ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. പലസ്‍തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നതിനായി ഇസ്രായേൽ സൈന്യം മൈക്രോസോഫ്റ്റിന്‍റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ യൂണിറ്റിനുള്ള ചില സേവനങ്ങൾ അടച്ചുപൂട്ടുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്‍തതായി മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്‍മിത്ത് കമ്പനിയുടെ ബ്ലോഗിൽ പറഞ്ഞു. ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും പലസ്‍തീനികളുടെ ദശലക്ഷക്കണക്കിന് ഫോൺ കോളുകൾ സംഭരിക്കാൻ ഇസ്രായേലിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം മൈക്രോസോഫ്റ്റ് അസൂർ ഉപയോഗിക്കുന്നുണ്ടെന്ന് ഓഗസ്റ്റ് ആദ്യം ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനും ഇസ്രായേലിന്റെ +972 മാഗസിനും റിപ്പോർട്ട് ചെയ്തിരുന്നു.
മൈക്രോസോഫ്റ്റ് അന്ന് ഈ ആരോപണം നിഷേധിച്ചിരുന്നെങ്കിലും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഒരു രാജ്യത്തിനും ചാരവൃത്തി ആവശ്യങ്ങൾക്കായി സേവനങ്ങൾ നൽകുന്നില്ലെന്നും കമ്പനി വാദിച്ചു. എന്നാൽ ദി ഗാർഡിയൻ പത്രം നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിംഗിലെ ചില കാര്യങ്ങൾ ശരിയാണെന്ന് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അവരുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
സാധാരണക്കാരായ പൗരന്മാരുടെ കൂട്ട നിരീക്ഷണത്തിനായി മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്‍മിത്ത് വ്യക്തമാക്കി. ഈ നയം എല്ലാ രാജ്യങ്ങളിലും ബാധകമാണെന്നും കമ്പനി പറയുന്നു. അന്വേഷണത്തിനിടെ കമ്പനി ബിസിനസ് രേഖകൾ, സാമ്പത്തിക രേഖകൾ, ആന്തരിക പേപ്പറുകൾ എന്നിവ പരിശോധിച്ചെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
അന്വേഷണത്തിൽ മാധ്യമ റിപ്പോർട്ടുകളെ പിന്തുണയ്ക്കുന്ന തെളിവുകൾ കണ്ടെത്തിയെന്നും മൈക്രോസോഫ്റ്റ് പറയുന്നു. അതിനാൽ പ്രത്യേക ക്ലൗഡ് സ്റ്റോറേജും എഐ സേവനങ്ങളും ഉൾപ്പെടെയുള്ള ചില ഇസ്രായേലി പ്രതിരോധ മന്ത്രാലയ സബ്‌സ്‌ക്രിപ്‌ഷനുകളും സേവനങ്ങളും അടച്ചുപൂട്ടുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നു എന്ന് മൈക്രോസോഫ്റ്റ് ഇസ്രായേലിനെ അറിയിച്ചു. സാധാരണ പൗരന്മാർക്കെതിരെ ചാരപ്പണി ചെയ്യാൻ മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും കമ്പനി ഇക്കാര്യം നിരീക്ഷിച്ചുവരികയാണെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.