Perth- Geraldton : ജെറാൾഡ്‌ട്ടണിലുള്ള മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
വളരെ വിപുലമായ രീതിയിൽ നടത്തിയ ഓണാഘോഷം അന്യഭാഷക്കാർ ഉൾപ്പെടെയുള്ളവർക്ക് അതിമനോഹരമായ ഒരു ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. മലയാളി ജനഹൃദയങ്ങളിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ഒരു ആഘോഷമാണ് ഓണം.
മലയാളികൾ ഓണത്തിനായി കാത്തിരിക്കുന്നത് പോലെ മറ്റൊരു ഉത്സവത്തിനും ഒരുപക്ഷേ ഇത്രയധികം ഒരുക്കങ്ങളുമായി കാത്തിരുന്നിട്ടുണ്ടാവില്ല. ഇപ്പോഴും ആ ഓണക്കാല കൗതുകത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിലൂടെ നമുക്ക് മനസ്സിലാവുന്നത്.
നാടിൻ്റെ നന്മകളും ഗൃഹാതുരത്വമുണർത്തുന്ന കലാ-കായിക പരിപാടികളും കൊണ്ട് ആഘോഷം ശ്രദ്ധേയമായി. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200ലധികം ആളുകളാണ് ഈ ഓണാഘോഷ പരിപാടിയുടെ ഭാഗമായത്.
അത്തപ്പൂക്കളം, കായിക മത്സരങ്ങൾ, തിരുവാതിര, മറ്റു കലാപരിപാടികൾ തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റുകൂട്ടി.നിറഞ്ഞ സദസ്സിൽ നടന്ന പരിപാടികൾക്ക് അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നൽകി. ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എത്തിയ മഹാബലിയെ മുത്തുകുടയേന്തിയാണ് യുവതലമുറ വരവേറ്റത്.
ഓണത്തിന്റെ പ്രധാന ആകർഷണം ഓണസദ്യ തന്നെയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് പറയാറ്. ഈ ചൊല്ലിനെ അന്വർത്തമാക്കി പെർത്തിൽ നിന്നുള്ള ബിജു കുമാറും സംഘവും ഒരുക്കിയ രണ്ടുകൂട്ടം പായസവും 18 തരം കറികളും ഒത്തുചേർന്ന സദ്യ മനസ്സും വയറും ഒരുപോലെ നിറച്ചു.
മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ നടത്തിയ ഓണാഘോഷ പരിപാടിയുടെ സ്പോൺസർമാർ
1. ഫ്ലെക്സി ഫിനാൻസ് സർവീസ് (Shanju Chonedeth) – $500
2. വെസ്റ്റേൺ ഫിനാൻഷ്യൽ സർവീസ് (Peter Shanavas) – $500
3. ബെസ്റ്റ് ടി.വി. – ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ
കൂടാതെ ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് റാഫിൾ ഡ്രോയും ഉണ്ടായിരിക്കുന്നതാണ്.
ക്യു.ആർ കോഡ് ഉപയോഗിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്തവർക്ക് വേണ്ടി ഓൺലൈൻ ഡ്രോ ശ്രീ. പീറ്റർ ഷാനവാസ് നടത്തും.മറ്റു എല്ലാവർക്കും റാഫിൾ ടിക്കറ്റുകൾ വെറും 5 ഡോളർന് ലഭ്യമാകും.
സമ്മാനങ്ങൾ:
1 × ബെസ്റ്റ് ടി.വി. (ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ)
3 × 100 ഡോളർ ക്യാഷ് സമ്മാനം
4 × 50 ഡോളർ ക്യാഷ് സമ്മാനം
കൂടാതെ, ഏറ്റവും മനോഹരമായ രീതിയിൽ കേരളതനിമയിൽ വസ്ത്രധാരണം ചെയ്തുവരുന്ന രണ്ട് കുടുംബങ്ങളും ഒരു വ്യക്തിക്കും, Shine on Fashion – Perth സ്‌പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ ലഭിക്കും. വിജയികളെ കമ്മിറ്റി തന്നെ തിരഞ്ഞെടുക്കുകയും ചടങ്ങിനിടെ പ്രഖ്യാപിക്കുകയും ചെയ്തു.
ഓണാഘോഷ പരിപാടി വിജയകരമാക്കി തന്ന ഏവർക്കും സംഘാടകർ നന്ദി അർപ്പിച്ചു. ജെറാൾഡ്ട്ടനിലുള്ള മലയാളി സമൂഹത്തിന് ഓർമ്മയിൽ എന്നും സൂക്ഷിച്ചുവയ്ക്കാൻ ഉതകും വിധമായിരുന്നു ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ.
ഓണത്തിന്റെ രീതികൾ കാലത്തിനൊപ്പം വളരെയധികം മാറിയിട്ടുണ്ട്. ഓണത്തെ കാത്തിരിക്കുന്ന തലമുറ മാറി. ഓണാഘോഷങ്ങൾ മാറി. മാറാത്തത് ഓണം എന്ന വികാരമാണ്. എത്ര തലമുറ കഴിഞ്ഞാലും അതിങ്ങനെ മനസിന്റെ ആഴങ്ങളിൽ തെളിഞ്ഞു നിൽക്കും. മറ്റൊരു ഓണക്കാലത്തിനായി നമുക്ക് കാത്തിരിക്കാം.