ഇടുക്കി: നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സമാനതകളില്ലാത്ത പീഡനം ആയിരുന്നു വീട്ടിനുള്ളില്‍ വച്ച് പെണ്‍കുട്ടികള്‍ നേരിട്ടിരുന്നത്. പഠന മികവ് പരിശോധനയുടെ പേരിലായിരുന്നു പാതിരാത്രിയിലുള്ള പിതാവിന്‍റേയും ബന്ധുവിന്‍റേയും പീഡനമെന്നാണ് 7ഉം 5ഉം വയസുള്ള പെണ്‍കുട്ടികള്‍ ആരോഗ്യ പ്രവര്‍ത്തകരോട് പങ്കുവച്ചത്.
ജോലി കഴിഞ്ഞ് പിതാവ് രാത്രി വൈകിയാണ് വരുന്നത്. ഒപ്പം ബന്ധുവും കാണും. മദ്യലഹരിയിൽ പിതാവ് ഉറങ്ങും. ബന്ധു കുട്ടികളെ സമീപത്തെമുറിയിൽ കയറ്റി കതകടയ്ക്കും. കസേരയിൽ കയറ്റി നിർത്തി ഒന്നു മുതൽ പത്തു വരെ ചൊല്ലാൻ കുട്ടികളോട് പറയും. ചൊല്ലിയില്ലെങ്കിൽ മര്‍ദ്ദനം തുടങ്ങും. രാത്രിയാണെന്ന പരിഗണന പോലുമില്ലാതെ നിലത്ത് ഉപ്പ് വിതറി അതിന്‍റെ മുകളില്‍ കാല്‍മുട്ടില്‍ നിർത്തും. ഇങ്ങനെയാണ് കാൽമുട്ടിൽ മുറിവുണ്ടായത്. 7 വയസ്സുകാരിയുടെ പുറത്തും കാലിനും അടിയേറ്റ പാടുകളുണ്ട്. 5 വയസ്സുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടുണ്ട്. നിലത്ത് ചാക്ക് വിരിച്ചാണ് 7 വയസ്സുകാരി കിടത്തിയിരുന്നത്. 5 വയസ്സുകാരിയെ നിലത്തും പായയിലുമാണ് കിടത്തിയിരുന്നത്. 14 ദിവസത്തിനിടെയുണ്ടായ മുറിവുകളാണ് കുട്ടികളുടെ ശരീരത്തിലുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
ആശാ പ്രവർത്തക നൽകിയ രഹസ്യവിവരത്തെ തുടർന്ന്, പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ.വി.കെ. പ്രശാന്ത് ആരോഗ്യ പ്രവർത്തകരായ ആർ.സന്തോഷ്, എസ്.അബാൻ, അനിത എസ്. പിള്ള,കെ.പി.മഞ്ജു. ഷെറിൻ എന്നിവരടങ്ങിയ സംഘമാണ് ഇവർ താമസിച്ചിരുന്ന വീട്ടിലെത്തി കുട്ടികളെ രക്ഷപ്പെടുത്തിയത്. നെടുങ്കണ്ടം സി ഐ ബി.എസ്. ബിനു, എസ്ഐ ടി.എസ്.ജയകൃഷ്ണൻ, പൊലീസ് ഉദ്യോഗസ്ഥനായ ജയൻ, ജില്ലാ പ്രൊട്ടക്ഷൻ ഓഫിസർ പി. കെ. രമ, ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥരായ ജോമറ്റ് ജോർജ്, കിരൺ കെ. പൗലോ സ്, ജാക്വിലിൻ തങ്കച്ചൻ എന്നിവരടങ്ങിയ സംഘം കുട്ടികളെ ചൊവ്വാഴ്ച രാത്രി തന്നെ ഷെൽറ്റര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെയും ബന്ധുവിന്റെയും മർദനമേറ്റ കുട്ടികൾക്ക് ഇരിക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുണ്ടിയെരുമയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടവരില്‍ നിന്ന് തന്നെ ക്രൂരപീഡനം നേരിട്ടത്. ജോലിക്ക് പോകാനുള്ള സൗകര്യത്തിനായി കുട്ടികളും അച്ഛനുമമ്മയും അച്ഛൻറെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ കുട്ടികളുടെ അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടികളുടെ അമ്മ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്ന സ്ത്രീയാണ്.