മെൽബൺ : വിശുദ്ധ കുർബാനയ്ക്ക് ശേഷം പാടാവുന്ന വിധത്തിൽ , വൈദികർക്കും സന്യസ്തർക്കും കുടുംബങ്ങൾക്കും ഇടവകയ്ക്കും രൂപതയ്‌ക്കും സാർവ്വത്രിക സഭയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ ഉൾപ്പെടുത്തിയുള്ള “നിത്യ പുരോഹിതൻ ഈശോയെ” എന്ന മനോഹര ഗാനം അഭിവന്ദ്യ ജോൺ പനംതോട്ടത്തിൽ പിതാവ് യൂട്യൂബിൽ റിലീസ് ചെയ്തു.
മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ദേവാലയ കൂദാശയോട് അനുബന്ധിച്ച് കത്തീഡ്രൽ ഇടവക തയ്യാറാക്കിയ രണ്ട് മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഓസ്‌ട്രേലിയയിലെ മിഷനറീസ് ഓഫ് ഗോഡ്സ് ലവ് സന്ന്യാസ സഭയിലെ മലയാളി വൈദികൻ, ഫാദർ ബൈജു തോമസ് ആണ്. സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് ടോമും ആലപിച്ചിരിക്കുന്നത് ഗാഗുൽ ജോസഫും ധന്യ സ്റ്റീഫനും ചേർന്നാണ്.
ദേവാലയ ഗായക സംഘങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ കരൊക്കെയും യൂട്യൂബ് വീഡിയോ ലിങ്കിനൊപ്പം ചേർത്തിട്ടുണ്ട്. വിശുദ്ധ കുർബ്ബാനയുടെ വിടവാങ്ങൽ പ്രാർത്ഥനയ്ക്ക് ശേഷം വൈദികർക്ക് വേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് പകരമായി കേരളത്തിലും പുറത്തുമുള്ള നിരവധി സീറോ മലബാർ ദേവാലയങ്ങളിൽ ഇതിനോടകം ഈ ഗാനം പാടി തുടങ്ങിയിട്ടുണ്ട്. കത്തീഡ്രൽ കൂദാശ കർമ്മത്തിന്റെ വീഡിയോ ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ എഡിറ്റിംഗ് ഡോൺ മേലൂരും കരോക്കെ വിഡിയോ എഡിറ്റിംഗ് ജിബിൻ ആന്റണിയും നിർവ്വഹിച്ചിരിക്കുന്നു. ജസ്റ്റിൻ മാങ്കുഴിയുടെതാണ് പോസ്റ്റർ ഡിസൈൻ. കത്തീഡ്രൽ വികാരി ഫാദർ വർഗ്ഗീസ് വാവോലിൽന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഗാനം സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ യൂട്യൂബിൽ ലഭ്യമാണ്.