കാൻബറ: ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ സമ്മർദ ശക്തിയാകാനുള്ള നീക്കങ്ങളുമായി മുസ്ലീം വോട്ട്സ് മാറ്റർ എന്ന പുതിയ സംഘടന, അടുത്ത വർഷത്തെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാനും ഗാസ ഉൾപ്പെടെയുള്ള വിഷയങ്ങളിലുള്ള തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്ക് സമൂഹത്തിൽ കൂടുതൽ പ്രചാരണം നൽകുകയുമാണ് സംഘടനയുടെ ലക്ഷ്യം. മതപരമായ വിഷയങ്ങൾക്കൊപ്പം സാമൂഹിക വിഷയങ്ങളിലും ഇടപെട്ട് രാജ്യത്തെ മുസ്ലീം സമുദായങ്ങൾക്കിടയിൽ വേരോട്ടം ശക്തമാക്കാനുള്ള ദേശീയ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
ഓസ്ട്രേലിയൻ മുസ്ലിംകളുടെ ജനാധിപത്യ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് മുസ്ലിം വോട്ട്സ് മാറ്റർ സംഘടനയിലെ അംഗമായ ഗൈത്ത് ക്രയേം പറയുന്നു. ചൂതാട്ടം, ലഹരി ഉപയോഗം, ഗാർഹിക പീഡനം എന്നിവയ്ക്കെതിരേ പ്രചാരണം നടത്തുന്നതിനൊപ്പം ഗാസ വിഷയത്തിൽ പാലസ്തീന് പിന്തുണ വർധിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള 32 ഫെഡറൽ സീറ്റുകളിൽ തങ്ങളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് സംഘടന പദ്ധതിയിടുന്നത്. അതേസമയം, അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ട്സ് മാറ്റർ നേരിട്ടു സ്ഥാനാർത്ഥികളെ മത്സരിപ്പിക്കില്ല. ഓസ്ട്രേലിയയിൽ അതിവേഗം വളരുന്ന ന്യൂനപക്ഷ വിഭാഗമാണ് മുസ്ലീം സമൂഹം .
ഗാസ വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിൻ്റെ ഔദ്യോഗിക പിന്തുണ ഇസ്രയേലിനാണ്. ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിൽ രാജ്യത്തെ മുസ്ലിം സമൂഹങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്. സർക്കാരിനെ വെല്ലുവിളിച്ച് രാജ്യത്തെ യൂണിവേഴ്‌സിറ്റികളിലും പ്രധാനപ്പെട്ട തുറമുഖങ്ങളിലും ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങൾ നടക്കുകയും ചെയ്‌തു. ഈ സാധ്യതയാണ് സംഘടന പ്രയോജനപ്പെടുത്താനൊരുങ്ങുന്നത്.
ക്രിസ്ത്യൻ ലൈവ്സ് മാറ്റർ എന്ന സംഘടനയുടെ മാതൃകയിലാണ് മുസ്ലീം വോട്ട്സ് മാറ്റർ രൂപീകരിച്ചത്. ക്രിസ്തീയ വിഷയങ്ങളിൽ ശക്തമായ പ്രതികരിക്കുന്ന ഗ്രൂപ്പാണ് ക്രിസ്ത്യൻ ലൈവ്സ് മാറ്റർ. അതേസമയം, മുസ്ലീം വോട്ട്സ് മാറ്റർ ഒരുപടി കൂടി കടന്ന് സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടുന്നു.
ഇസ്രയേൽ-ഗാസ വിഷയത്തോടെ ഓസ്ട്രേലിയയിലെ മുസ്ലിം സമൂഹം രാജ്യത്തെ രണ്ട് പ്രധാന പാർട്ടികളായ ലേബർ, ലിബറൽ പാർട്ടികളിൽ നിന്ന് അകന്നുതുടങ്ങിയിരുന്നു. പാലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിൽ വോട്ട് ചെയ്തതിന് പിന്നാലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്ന് സെനറ്റർ ഫാത്തിന പേമാൻ രാജിവെച്ചിരുന്നു. നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്‌തതിനെ തുടർന്ന് പാർട്ടി ഇവരെ സസ്പെൻഡ് ചെയ്തു. ഇതേ തുടർന്നാണ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നുള്ള സെനറ്ററായ ഫാത്തിമ പേമാൻ രാജിവച്ചത്. ഈ സംഭവം മുസ്ലിം സമൂഹങ്ങൾക്കിടയിൽ കടുത്ത അമർഷത്തിനു കാരണമായിരുന്നു. ഇതോടെയാണ് മുസ്ലിം സമൂഹത്തെ പ്രബലമായ രാഷ്ട്രീയ ശക്തിയായി വളർത്താനുള്ള നീക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും ആരംഭിച്ചത്.
വിശ്വാസത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണ നൽകരുതെന്ന് അടുത്തിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി പറഞ്ഞിരുന്നു. ഇത് സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം വാദിക്കുന്നു.