ന്യൂകാസിൽ : ന്യൂകാസിൽ മലയാളികളുടെ അഭിമാനമായ ന്യൂകാസിൽ ഹണ്ടേഴ്സ് ക്രിക്കറ്റ് ക്ലബ് ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റിന്റെ സഹകരണത്തോടെ നടത്തി വരുന്ന ന്യൂകാസിൽ പ്രീമിയർ ലീഗിന്റെ ഫൈനൽ സെപ്റ്റംബർ 21ന് ഫ്ലെച്ചർ കുറാക ഓവലിൽ നടന്നു. ഇത് നാലാം തവണയാണ് ന്യൂകാസ്റ്റിലെ ഹണ്ടേഴ്സ് വിജയകരമായി ഈ ടൂർണമെന്റ് നടത്തിവരുന്നത്. എട്ടു ടീമുകളെ വച്ച് 2022ൽ തുടങ്ങിയ ടൂർണമെന്റിൽ ഈ വർഷം ഇരുപതു ടീമുകൾ ആണ് പങ്കെടുത്തത്.
ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ നൈറ്റ് വാച്ച്‌മെനിനെ 51 റൺസിന് തോൽപ്പിച്ചു ആഡംസ്‌ടൗൺ ബ്ലൂസ് ചാംപ്യന്മാരായി. ഓസ്‌ട്രേലിയൻ ഇന്റർനാഷനൽ ക്രിക്കറ്റർ തൻവീർ സംഗ വിജയികൾക്ക് മെഡലുകൾ സമ്മാനിക്കുന്നതിനോടൊപ്പം ന്യൂകാസിൽ പ്രീമിയർ ലീഗിന് ആശംസകൾ നേർന്നു.
ക്രിക്കറ്റിന്റെ മനോഹാരിതയും ന്യൂകാസിൽ ബീറ്റ്‌സ് നടത്തിയ കേരളത്തിന്റെ സ്വന്തം ചെണ്ടമേളവും, മെലഡി സ്ട്രിൻഗിസ് ബാൻഡിന്റെ വയലിനും മുപ്പതിലധികംപേർ പങ്കെടുത്ത ഫ്ലാഷ്മോബ് ഡാൻസും കാണികൾക്കു ഒരു കലാകായിക വിരുന്നായി മാറി.
വിവിധ സ്പോണ്സർമാരും ക്രിക്കറ്റ് ന്യൂ സൗത്ത് വെയിൽസ് ഭാരവാഹികളും പങ്കെടുത്ത സമാപന ചടങ്ങിൽ ന്യൂകാസിൽ സിറ്റി കൗൺസിലർ എലിസബത്ത് ആഡംസക് വിശിഷ്ട അതിഥിയായി. ടൂർണമെന്റിൽ പകെടുത്ത എല്ലാ ടീമുകൾക്കും, സ്പോണ്സർമാർക്കും എല്ലാ സന്നദ്ധപ്രവർത്തകർക്കും ലീഗ് മാനേജർ പോളവിൻ മാത്യൂ നന്ദി അറിയിച്ചു.