മോസ്കോ: ബെലറൂസില്‍ തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ അറിയിച്ചു.
ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നീക്കം ആണവ നിര്‍വ്യാപന കരാറുകള്‍ ലംഘിക്കുന്നതല്ലെന്ന് പറഞ്ഞ പുട്ടിന്‍, ദശാബ്ദങ്ങളായി യു.എസ് അവരുടെ യൂറോപ്യന്‍ സഖ്യ രാജ്യങ്ങളില്‍ ആണവായുധങ്ങള്‍ വിന്യസിക്കുന്നതിനോടാണ് താരതമ്യപ്പെടുത്തിയത്. ആണവായുധങ്ങള്‍ ബെലറൂസിലേക്ക് വിന്യസിക്കുന്നുണ്ടെങ്കിലും അതിന്റെ നിയന്ത്രണം അവര്‍ക്ക് കൈമാറില്ലെന്നും പുട്ടിന്‍ വ്യക്തമാക്കി. യുക്രെയിന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് പിന്തുണ നല്‍കുന്ന ഏറ്റവും അടുത്ത സഖ്യകക്ഷി കൂടിയാണ് ബെലറൂസ്. ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൈനികര്‍ക്ക് അടുത്താഴ്ച മുതല്‍ റഷ്യ പരിശീലനം നല്‍കിത്തുടങ്ങും. ബെലറൂസില്‍ റഷ്യന്‍ ആണവായുധങ്ങള്‍ക്കായുള്ള സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം ജൂലായ് 1നകം പൂര്‍ത്തിയാകും. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഏതാനും ഇസ്കന്‍ഡര്‍ മിസൈല്‍ സിസ്റ്റങ്ങള്‍ റഷ്യ ഇതിനോടകം തന്നെ ബെലറൂസിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ ആയുധങ്ങള്‍ എന്ന് ബെലറൂസിലെത്തിക്കുമെന്നോ ഏതെല്ലാം ആയുധങ്ങളാണ് വിന്യസിക്കുകയെന്നോ വ്യക്തമല്ല. അതേ സമയം, റഷ്യ യുക്രെയിനില്‍ ആണവായുധ പ്രയോഗത്തിന് തയാറെടുക്കുകയാണെന്ന് കരുതുന്നില്ലെന്ന് യു.എസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചു. റഷ്യക്ക് പുറമേ യുക്രെയിന്‍, നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുമായും ബെലറൂസ് അതിര്‍ത്തി പങ്കിടുന്നുണ്ട്. 1990കളുടെ മദ്ധ്യത്തിന് ശേഷം ഇതാദ്യമായാണ് റഷ്യ തങ്ങളുടെ ആണവായുധങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് വിന്യസിക്കുന്നത്.
അതേ സമയം, റഷ്യയുടെ നീക്കം ബെലറൂസിന്റെ ആഭ്യന്തര അസ്ഥിരതയിലേക്കുള്ള ചുവടുവയ്പാണെന്നും ഇത് ബെലറൂസില്‍ റഷ്യന്‍ വിരുദ്ധ വികാരം വളര്‍ത്തുമെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കിയുടെ ഉപദേഷ്ടാവ് ഒലെക്സി ഡാനിലൊവ് പറഞ്ഞു. ബെലറൂസിനെ റഷ്യ അവരുടെ ആണവ ബന്ദിയാക്കിയെന്നും ഡാനിലൊവ് കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ നീക്കം അപകടകരവും നിരുത്തരവാദിത്വപരവുമാണെന്ന് നാറ്റോ പ്രതികരിച്ചു. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നാറ്റോ വ്യക്തമാക്കി.
റഷ്യയും ചൈനയും ഒരു സൈനിക സഖ്യവും രൂപീകരിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. സൈനിക സഹകരണത്തിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും റഷ്യ ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്തുന്നില്ലെന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ പുട്ടിന്‍ പറഞ്ഞു.
റഷ്യയ്ക്കും ചൈനയ്ക്കും സൈനിക – സാങ്കേതിക മേഖലയില്‍ സഹകരണമുണ്ടെന്നും എന്നാല്‍ ഒരു സൈനിക സഖ്യം സൃഷ്ടിക്കുകയല്ല അതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും പുട്ടിന്‍ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇറ്റലിയും ജര്‍മ്മനിയും ജപ്പാനും നിര്‍മ്മിച്ച പോലെ ഒരു പുതിയ അച്ചുതണ്ട് സൃഷ്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങളുടെയും നാറ്റോയുടെയും ശ്രമമെന്നും പുട്ടിന്‍ കുറ്റപ്പെടുത്തി.