മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിലാണ് നേഴ്സുമാർക്ക് താരതമ്യേന ശമ്പളം കുറവുള്ളത്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി യുകെയിലെ ആരോഗ്യ മേഖലയിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സമരമുഖത്താണ് . അതുകൊണ്ടുതന്നെ എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. യുകെയിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ അധിക ജോലിഭാരവും മോശം ശമ്പളം മൂലം കടുത്ത അതൃപ്തിയിലാണ്.
ഇതൊക്കെയാണെങ്കിലും യുകെയിലെ എൻഎച്ച്എസിന്റെ കീഴിലുള്ള ജോലി കേരളത്തിൽ നിന്നുള്ള നേഴ്സുമാർക്ക് ഇന്നും സ്വപ്നതുല്യമാണ്. എന്നാൽ യുകെയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ സ്ഥിതി വ്യത്യസ്തമാണ്. മലയാളികൾ ഉൾപ്പെടെ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഒട്ടേറെ നേഴ്സുമാർ ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ കാത്തിരിക്കുകയാണ്. യുകെയിലെ നേഴ്സുമാരുടെ അസംതൃപ്തി മുതലാക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്ന് യുകെയിൽ ഫെബ്രുവരി 25 മുതൽ റിക്രൂട്ട്മെൻറ് നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. നേഴ്സുമാരെ കൂടാതെ ഡോക്ടർമാർ, അധ്യാപകർ എന്നിവരെയും യുകെയിലെനേക്കാൾ ഉയർന്ന ശമ്പളം നൽകി റിക്രൂട്ട് ചെയ്യാനാണ് ഓസ്ട്രേലിയ നീക്കം നടത്തുന്നത്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ 30,000 -ത്തിലധികം തൊഴിൽ ഒഴിവുകളിലേയ്ക്കാണ് പ്രതിരോധ വ്യവസായ മന്ത്രി പോൾ പപ്പാലിയയുടെ നേരിട്ടുള്ള നേതൃത്വത്തിൽ റിക്രൂട്ട്മെൻറ് നടത്തുന്നത്.
യുകെയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ മേഖലകളിലും വേതന സേവന വ്യവസ്ഥകൾ ഓസ്ട്രേലിയയിൽ മെച്ചപ്പെട്ടതാണ്. ഓസ്ട്രേലിയയിൽ എനർജി ബില്ലുകൾ കുറവായതിനാൽ ജീവിത ചെലവുകൾ കുറയ്ക്കാൻ സാധിക്കും എന്ന് നേട്ടവും ഉണ്ട് . ബ്രിട്ടനുമായി താരതമ്യം ചെയ്യുമ്പോൾ വീടുകൾക്ക് വലിപ്പ കൂടുതലുണ്ടെങ്കിലും വാടക കുറവാണെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ഓസ്ട്രേലിയയിലെ കാലാവസ്ഥയും ഒരു അനുകൂല ഘടകമാണ്.