ന്യൂഡൽഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി നൽകുന്ന OCI (Overseas Citizen of India) സേവനങ്ങളിൽ കേന്ദ്ര സർക്കാർ വലിയ മാറ്റങ്ങൾ നടപ്പിലാക്കുന്നു. 2026-ലെ പുതിയ ഭേദഗതിയുടെ ഭാഗമായി ഇനി OCI സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും.
പുതിയ e-OCI സംവിധാനത്തിലൂടെ OCI കാർഡ് മൊബൈൽ ഫോണിൽ ഡിജിറ്റലായി സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കും.നിലവിൽ OCI കാർഡ് കൈവശമുള്ളവർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും ഈ സംവിധാനം ബാധകമായിരിക്കും. സ്മാർട്ട്ഫോണുകളിലെ ആപ്പുകൾ പോലെ ഡിജിറ്റൽ രൂപത്തിൽ OCI വിവരങ്ങൾ ഉപയോഗിക്കാനാകുന്ന സംവിധാനം ഉടൻ പ്രാബല്യത്തിൽ വരും.
അതേസമയം, നിലവിൽ OCI കാർഡ് കൈവശമുള്ളവർ പുതിയ നിർദേശങ്ങൾ ലഭിക്കുന്നതുവരെ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ഇപ്പോഴുള്ള കാർഡ് ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ യാത്ര തുടരാനാകും.
പുതിയ സംവിധാനത്തോടെ അപേക്ഷാ നടപടികളും ലളിതമാകും. പഴയ രീതിയിൽ ആവശ്യമായിരുന്ന ഒരേ രേഖകളുടെ നിരവധി പകർപ്പുകൾ സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കി, ആവശ്യമായ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്താൽ മതിയാകും.കൂടാതെ, e-OCI ഉപയോഗിക്കുന്നവർക്ക് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ’ (FTI-TTP) സംവിധാനത്തിന്റെ സഹായത്തോടെ വളരെ വേഗത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.OCI വിവരങ്ങൾ സമയബന്ധിതമായി പുതുക്കി വയ്ക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി OCI Services Portal സന്ദർശിക്കാം.





























