സിഡ്നി: താരങ്ങൾക്കൊപ്പം താരമാകാനുള്ള മത്സരത്തിലാണ് ഓസ്ട്രേലിയയിലെ ചില മലയാളി സംഘടനകൾ.ഓണത്തോടനുബന്ധിച്ച് വൻ പരിപാടികൾ മത്സര ബുദ്ധിയോടെ ഒന്നിനൊന്നു മെച്ചമാക്കാനാണ് സംഘടനകൾ ശ്രമിക്കുന്നത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വൻ പരസ്യപ്രചാരണങ്ങൾ വഴി പ്രഖ്യാപിച്ച ഓണാഘോഷ പരിപാടി അമ്പേ പരാജയപ്പെട്ട വാർത്തയാണ് ഇപ്പോൾ സിഡ്നിയിൽ നിന്നും ലഭ്യമാകുന്നത്.
സിഡ്നിയിലെ പ്രമുഖ മലയാളി സംഘടന നടത്തിയ ഓണാഘോഷ പരിപാടി സംഘടനാ പിഴവുമൂലം പാളിയതായി വ്യാപക പരാതി ഉയർന്നു വരികയാണ്. തികച്ചും പ്രൊഫഷണൽ അല്ലാത്ത രീതിയിലാണ് സംഘാടകർ പരിപാടിയിൽ മാറ്റം വരുത്തിയതെന്നും വിവിധ കലാപരിപാടികൾക്കായി മാസങ്ങളോളം പ്രയത്നിച്ച നിരവധി കലാകാരന്മാരുടെ പ്രയത്നത്തെ നിസ്സാരവൽക്കരിക്കുന്ന രീതിയിലാണ് സംഘാടകർ പെരുമാറി എന്നുമാണ് പരാതികൾ.
പരസ്യത്തിൽ അറിയിച്ചിരുന്ന ടിക്കറ്റ് ചാർജുകൾ അല്ല എൻട്രി ഫീസായി കുടുംബങ്ങളിൽ നിന്നും ഈടാക്കിയതെന്നും പരാതിയുണ്ട്.ഇതിനൊക്കെ പുറമേ പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി അവതരിപ്പിച്ച മലയാളി സിനിമാതാരത്തിന്റെ അഭാവവും ഓണാഘോഷത്തെ ബാധിച്ചിട്ടുണ്ട്.
കൂടാതെ പരമ്പരാഗതമായ വാഴയിലയിൽ വിളമ്പുന്ന 26 മുതൽ 28 ഇനങ്ങൾ അടങ്ങിയ ഓണസദ്യ വാഗ്ദാനം ചെയ്തതിന് പകരമായി പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ആയി ഭക്ഷ്യ യോഗ്യമല്ലാത്ത രീതിയിലാണ് ഉച്ച ഭക്ഷണം നൽകിയതെന്നും വിമർശനമുണ്ട്.
മാസങ്ങൾ കൊണ്ടുള്ള തയ്യാറെടുപ്പിനൊടുവിൽ കലാപരിപാടികൾ അവതരിപ്പിക്കാനിറങ്ങിയ നിരവധി പേർ, പരിപാടിയുടെ സമയക്രമത്തിൽ ഉണ്ടായ മാറ്റം കൊണ്ടും ലഘു ഭക്ഷണ ക്രമീകരണത്തിലെ പാളിച്ച മൂലവും കടുത്ത നിരാശയിൽ ആണെന്നും വിവിധ സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്.
പരിപാടിയിൽ പങ്കെടുക്കുവാനായി എത്തിയവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംഘാടകർ അമ്പേ പരാജയപ്പെട്ടുവെന്നും കേരളത്തിൽ നിന്നും എത്തിയ സിനിമാതാരത്തിനോട് ഇടപെടാൻ മറ്റുള്ളവർക്ക് അവസരം ഉണ്ടായിട്ടുപോലും അവ നിഷേധിച്ചുകൊണ്ട് സംഘാടകരെയും അവരുടെ കുടുംബാംഗങ്ങളെയും കേന്ദ്രീകരിച്ചു മാത്രമാണ് പരിപാടി മുന്നോട്ടു പോയതെന്ന രൂക്ഷ വിമർശനം ഇതിൽ ഉൾപ്പെടുന്നുണ്ട്.
ആഘോഷങ്ങളാകാം, എന്നാൽ സംഘടനകൾ അല്ലെങ്കിൽ കൂട്ടായ്മ എന്നത് പൊതു ഇടമാണ്, അത് ഒന്നിച്ചു മുന്നേറാനുള്ള വേദിയാണ്, സ്വന്തം കീശ നിറയ്ക്കാനോ താരങ്ങൾക്കൊപ്പം താരമാകാനോ ഉള്ള വേദി അല്ല.






























