തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂര്‍ കടവ് ലക്ഷ്മി വധക്കേസില്‍ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ശിക്ഷാവിധി ഏഴിന്. കാട്ടൂര്‍ വില്ലേജ്, കാട്ടൂര്‍ കടവ് ദേശത്ത് നന്തിലത്തു പറമ്പില്‍ ചന്ദ്രശേഖരന്‍ മകന്‍ ദര്‍ശന്‍കുമാര്‍, കാട്ടൂര്‍ വില്ലേജ് കരാഞ്ചിറ ദേശത്ത് ചെമ്പാപ്പുള്ളി ദാസന്‍ മകന്‍ നിഖില്‍ ദാസ്, പുല്ലഴി വില്ലേജ് ഒളരി ദേശത്ത് നങ്ങേലി രവീന്ദ്രന്‍ മകന്‍ ശരത്ത്, ചൊവ്വൂര്‍ വില്ലേജ് പാറക്കോവില്‍ ദേശത്ത് കള്ളിയത്ത് രാജന്‍ മകന്‍ രാകേഷ് എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍. വിനോദ്കുമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിധി ഏഴിന് പറയും. 2023 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കേസിലെ ഒന്നാം പ്രതിയ്ക്ക് ലക്ഷ്മിയുടെ ഭര്‍ത്താവായ ഹരീഷിനോടും ഭാര്യ ലക്ഷ്മിയോടുമുള്ള മുന്‍ വിരോധം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ വധിക്കണമെന്നുള്ള ഉദ്ദേശത്താല്‍ ഒന്നാം പ്രതി 5 ഉം 6 ഉം പ്രതികളുടെ സഹായം തേടി. ഇവരുടെ സഹായത്താല്‍ ഒന്നും മൂന്നും നാലും അഞ്ചും പ്രതികള്‍ അഞ്ചാം പ്രതി താമസിക്കുന്ന കാട്ടൂരിലുള്ള വീട്ടില്‍ ഒത്തു കൂടി ലക്ഷ്മിയേയും ഹരീഷിനേയും കൊലപ്പെടുത്തുന്നതിനായി ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി.
തുടര്‍ന്ന് മൂന്നും നാലും പ്രതികള്‍ കാട്ടൂര്‍ മാര്‍ക്കറ്റിലെ ഒരു കടയില്‍ നിന്നും രണ്ടു വാളുകള്‍ വാങ്ങി, കത്തികള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കൈവശം വെച്ചും ഒന്നും, മൂന്നും, നാലും പ്രതികള്‍ ചേര്‍ന്ന് തോട്ട നിര്‍മ്മിച്ച് മുന്നൊരുക്കം നടത്തി. 2021 മാർച്ച് 14ന് രാത്രി ഒമ്പതിന് ലക്ഷ്മിയും കുടുംബവും താമസിച്ചിരുന്ന കാട്ടൂര്‍ കടവിലെ വാടക വീടിന്റെ പുറത്തെ റോഡില്‍ സംസാരിച്ച് കൊണ്ടിരുന്ന ലക്ഷ്മിയുടെ നേരെ രണ്ടാം പ്രതി തോട്ടയെറിഞ്ഞു. മൂന്നാം പ്രതി കൈവശമുണ്ടായിരുന്ന കൊടുവാള്‍ കൊണ്ട് ലക്ഷ്മിയുടെ കൂടെ നിന്നിരുന്ന ഹരീഷിന്റെ സഹോദരിയുടെ മകനായ അഭിനന്ദിനെ വെട്ടുകയും, ഒന്നാം പ്രതി ലക്ഷ്മിയുടെ മുടിയില്‍ കുത്തി പിടിച്ച് കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് ലക്ഷ്മിയെ കുത്തി.