തിരുവനന്തപുരം: പരസ്യ വിമര്‍ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. വാവിട്ട വാക്ക്, ഒരു ഉദ്യോഗസ്ഥന്‍റെ മരണവും, രാഷ്ട്രീയ നേതാവിന്‍റെ പതനവുമാണ് ബാക്കിയാക്കിയത്. 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും.
ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. രാത്രി 8.45 ന് മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിന്‍ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമര്‍ശം അപ്പോഴേക്കും നാടെങ്ങും പടര്‍ന്നിരുന്നു.
രണ്ടാംനാള്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധം പിന്നെയും കനത്തു. സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു. ഒക്ടോബര്‍ 29 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.പി ദിവ്യ പൊലീസില്‍ കീഴടങ്ങി.