പല രാജ്യങ്ങളിലും പല തരത്തിലുള്ള നിയമങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണുള്ളതെന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ, അമേരിക്ക പോലെയുള്ള ചില രാജ്യങ്ങളിൽ പ്രവേശിക്കണമെങ്കിൽ കർശനമായ നിയമങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും വിധേയരാകേണ്ടതുണ്ട്. നിരോധിത വസ്തുക്കളോ ആയുധങ്ങളോ മാത്രമല്ല, വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറുകൾ, ചില പഴങ്ങൾ, അല്ലെങ്കിൽ ആയുർവേദ മരുന്നുകൾ പോലെയുള്ള നിത്യോപയോഗ സാധനങ്ങൾ പോലും നിങ്ങളെ കുഴപ്പത്തിലാക്കാം. ഇത് കാരണം ചിലപ്പോൾ നിങ്ങൾക്ക് പിഴ അടക്കേണ്ടി വരിക പോലും ചെയ്തേക്കാം.
പൊതുജനാരോഗ്യം, സുരക്ഷ, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്‌ഡിഎ), സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) എന്നിവയുൾപ്പെടെ വിവിധ ഫെഡറൽ ഏജൻസികളിൽ നിന്നുള്ള നിയമങ്ങൾ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) നടപ്പിലാക്കുന്നുണ്ട്. അതിനാൽ, നിങ്ങൾ ബാഗ് പാക്ക് ചെയ്യുന്നതിന് മുമ്പ് എന്താണ് നിരോധിച്ചിരിക്കുന്നത്, എന്താണ് നിയന്ത്രിതമായിരിക്കുന്നത്, എന്തിനെല്ലാമാണ് പ്രത്യേക അനുമതികൾ ആവശ്യമായി വന്നേക്കാവുന്നത് എന്നിവ പോലയുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ട്രാവൽ ഏജന്റുമാരുടെയും കസ്റ്റംസ് കൺസൾട്ടന്റുകളുടെയും അഭിപ്രായത്തിൽ ഇനി പറയുന്ന വസ്തുക്കൾ അനുവദിനീയമല്ല.
1. വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറുകളും ചട്ണികളും
എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്നതോ പുളിപ്പിച്ചതോ സൂക്ഷിച്ചു വെച്ചതോ ആയ അച്ചാർ, ചട്നികൾ പോലെയുള്ള വസ്തുക്കൾ അനുവദിക്കില്ല. വാണിജ്യ ലേബലുകൾ ഇല്ലാത്തതിനാൽ ഇവ ഉയർന്ന അപകടസാധ്യതയുള്ള വസ്തുക്കളായി കണക്കാക്കപ്പെടുന്നു. മലിനീകരണം, ചോരാനുള്ള സാധ്യത, ചേരുവകൾ എന്നിവ കസ്റ്റംസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് പ്രശ്നങ്ങളാണ്.
2. ചില പഴങ്ങളും പച്ചക്കറികളും
പച്ച മാങ്ങ, വാഴപ്പഴം, ചക്ക, ഉണങ്ങിയ കറിവേപ്പില എന്നിവ പോലും പലപ്പോഴും അനുവദിക്കാറില്ല. കീടങ്ങൾ, സസ്യ രോഗങ്ങൾ എന്നിവയെ തടയുന്നതിന് അമേരിക്കയിലെ കൃഷി വകുപ്പ് കർശനമായ ജൈവസുരക്ഷാ നിയമങ്ങളാണ് നടപ്പിലാക്കുന്നത്.
3. പാൽ, മാംസ ഉൽപ്പന്നങ്ങൾ
നെയ്യ്, പനീർ, പേഡ, കൽക്കണ്ടം, പാലിലെ പദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച മധുരപലഹാരങ്ങൾ എന്നിവ സാധാരണയായി അനുവദനീയമല്ല. മൃഗങ്ങളിൽ നിന്നുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനാലാണ് നിയന്ത്രണങ്ങളുള്ളത്. വാക്വം-സീൽ ചെയ്തതോ ഫ്രീസ് ചെയ്തതോ ആയവ പോലും നിരസിക്കപ്പെട്ടേക്കാം.
4. സുഗന്ധവ്യഞ്ജനങ്ങളും പൊടികളും
മഞ്ഞൾ, വീട്ടിൽ നിർമ്മിച്ച മസാലക്കൂട്ടുകൾ എന്നിവ പോലെയുള്ള വസ്തുക്കൾ കൊണ്ടുപോകുകയാണെങ്കിൽ അവ വാണിജ്യപരമായി പായ്ക്ക് ചെയ്യുകയും വ്യക്തമായി ലേബൽ ചെയ്യുകയും ചെയ്തിരിക്കണം. ഇവയല്ലാതെ, കവറിലോ പേപ്പറിലോ പൊതിഞ്ഞ പൊടികൾ അനുവദിക്കില്ല. അവ തിരിച്ചറിയാൻ പ്രയാസമാണെന്ന് മാത്രമല്ല, നിരോധിത വസ്തുക്കളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തേക്കാം.