സിഡ്നി: ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ ചിത്രം ഉപയോഗിച്ച് എഐ സഹായത്തോടെ ഡീപ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ തയാറാക്കി പ്രചരിപ്പിച്ചതായി പരാതി. ചിത്രങ്ങളില്‍ മുഖം മാത്രം കുട്ടികളുടേതും ഉടലും മറ്റും ഡീപ് ഫേക്കില്‍ നിര്‍മിച്ചതുമാണ്. സിഡ്നിയിലാണ് സംഭവം. ഇത്തരം ചിത്രങ്ങള്‍ ഓണ്‍ലൈനായി പ്രചരിക്കുന്നതായി മനസിലാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പുരോഗതി പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തികച്ചും രഹസ്യ സ്വഭാവത്തോടു കൂടിയ അന്വേഷണമാണ് നടത്തുന്നത്. പോലീസുമായി സ്കൂള്‍ അധികൃതരും സഹകരിക്കുന്നുണ്ട്.
ഡീപ് ഫേക്ക് ചിത്രങ്ങള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന് ഇതു സംബന്ധിച്ച് പ്രതികരിച്ചു. സ്കൂളിലെ ഏതെങ്കിലും വിദ്യാര്‍ഥിക്ക് ഈ സംഭവവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ സംഭവം അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല വഹിക്കുന്ന കര്‍ട്നി ഹൗസോസ് പ്രതികരിച്ചു.
കഴിഞ്ഞ മാസമാണ് ഡീപ് ഫേക്കിനെതിരേ എന്‍എസ്ഡബ്ല്യു കര്‍ശനമായ നിയമങ്ങള്‍ പാസാക്കിയത്. ഇതനുസരിച്ച് എഐ സഹായത്തോടെ ഡീപ് ഫേക്ക് ചിത്രങ്ങള്‍ തയാറാക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതില്‍ ഏതെങ്കിലും രീതിയില്‍ ഏര്‍പ്പെടുന്നത് മൂന്നു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും അത്രതന്നെ ഗുരുതരമായ കുറ്റകൃത്യമാണ്. ശിക്ഷയും അത്രയും തന്നെ കിട്ടും.