പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ രാജ്യത്തെ ഏറ്റവും പിന്നാക്കമേഖലയായ വാനിമോയില്‍ ഇന്നലെ എത്തിയത് ഒരു ടണ്‍ മരുന്നും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായി.
തലസ്ഥാനമായ പോർട്ട് മോറെസ്ബിയില്‍നിന്ന് ഓസ്ട്രേലിയൻ വ്യോമസേനയുടെ സി-130 വിമാനത്തിലാണു മാർപാപ്പ വാനിമോയിലെത്തിയത്. നിരക്ഷരരും ദരിദ്രരുമായ 11,000 പേരാണ് തലസ്ഥാനനഗരിയില്‍നിന്നും 994 കിലോമീറ്റർ അകലെയുള്ള വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട വാനിമോയിലുള്ളത്.
അർജന്‍റീനയില്‍നിന്നുള്ള നിരവധി മിഷനറിമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ച് ഈ ദരിദ്രജനവിഭാഗങ്ങള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്നത്. മേഖലയിലെ മിഷനറിമാരുമായി മാർപാപ്പ ഇന്നലെ പ്രത്യേക കൂടിക്കാഴ്ച നടത്തി.
വാനിമോ സന്ദർശനത്തിനുശേഷം തലസ്ഥാനനഗരിയില്‍ മടങ്ങിയെത്തിയ മാർപാപ്പ ഇന്ന് കിഴക്കൻ ടിമോറിലേക്കു തിരിക്കും. രണ്ടുദിവസത്തെ കിഴക്കൻ ടിമോർ സന്ദർശനത്തിനുശേഷം 11ന് മാർപാപ്പ സിംഗപ്പുരിലെത്തും. 13ന് വത്തിക്കാനിലേക്ക് മടങ്ങും.