ഓസ്ട്രേലിയ : പതിനായിരക്കണക്കിന് വിമാനയാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്വാണ്ടാസ് എയര്‍ലൈന്‍സ് കനത്ത പിഴ ഒടുക്കേണ്ടി വരുമെന്നു സൂചന. യാത്രികരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്നു മാത്രമല്ല, അവ ഓണ്‍ലൈനില്‍ പലര്‍ക്കും ലഭ്യമാകുക കൂടി ചെയ്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് വ്യാജസന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന ടെക്സ്റ്റ് സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് ചോര്‍ച്ച സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. ഫ്‌ളയിംഗ് കങ്കാരു ഉള്‍പ്പെടെ ആറു വന്‍കിട കമ്പനികളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഫ്‌ളയിങ് കങ്കാരു എന്ന മറുനാമത്തില്‍ അറിയപ്പെടുന്ന ക്വാണ്ടാസില്‍ നിന്നു മാത്രം അമ്പത്തേഴു ലക്ഷം യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ സെയില്‍സ് ഫോഴ്‌സിനു കൈമാറിയ വിവരങ്ങളാണ് ഏതോ അശ്രദ്ധയുടെ ഫലമായി പുറത്തെത്തിയിരിക്കുന്നത്. യാത്രക്കാരുടെ പൂര്‍ണമായ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫ്രീക്വന്റ് ഫ്‌ളയര്‍ വിവരങ്ങള്‍, ജനനതീയതി, ഫോണ്‍ നമ്പരുകള്‍ മുതല്‍ ഭക്ഷണ താല്‍പര്യങ്ങള്‍ വരെ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നു എന്നാണറിയുന്നത്. തങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തികളും ക്വാണ്ടാസ് ഔട്ട് സോഴ്‌സ് ചെയിതിരിക്കാമെങ്കിലും അതിലൂടെ കൈമാറിയ വിവരങ്ങളുടെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഔട്ട് സോഴ്‌സ് ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് മനസിലാക്കുന്നതെന്ന് സൈബര്‍ സെക്യുരിറ്റി വകുപ്പു മന്ത്രി ടോണി ബുര്‍ക്ക് പ്രതികരിച്ചു.