ചെന്നൈ: ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ ‘വോട്ട് മോഷണം’ പരാമർശിച്ച് സ്വാതന്ത്ര്യദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പോസ്റ്റ്. ജനാധിപത്യം മോഷ്ടിക്കാത്ത, എല്ലാ വോട്ടിനും വിലയുള്ള, വൈവിദ്ധ്യത്തെ ഏറ്റവും വലിയ ശക്തിയായി ആഘോഷിക്കുന്ന രാഷ്ട്രം നിർമ്മിക്കാനുള്ള പ്രതിബദ്ധത വർധിപ്പിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. എല്ലാ പൗരനും അന്തസ്സോടെയും തുല്യ സമത്വത്തോടെയും ജീവിക്കുന്നതാണ് യഥാർത്ഥ സ്വതന്ത്ര്യമെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട്ടിലും ഇന്ന് വിപുലമായ സ്വാതന്ത്യദിനാഘോഷങ്ങൾ നടക്കും. ചെന്നൈയിലെ സ്വാതന്ത്ര്യ ദിന പരേഡിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അഭിവാദ്യം സ്വീകരിക്കും. മുസ്ലീം ലീഗ് ദേശീയ പ്രസിഡന്‍റ് കെ.എം.ഖാദർ മൊയ്തീന് ‘തകൈസാൽ തമിഴർ’ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും. വൈകീട്ട് ഗവർണറുടെ സ്വാതന്ത്യദിന വിരുന്ന് രാജ്ഭവനിൽ നടക്കും. അതേസമയം മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഡിഎംകെ സഖ്യ നേതാക്കളും ടിവികെ അധ്യക്ഷൻ വിജയും ചായസൽക്കാരം ബഹിഷ്കരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. അഭിമാനത്തിന്‍റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.