ഇന്ന് മിക്ക വീടുകളിലും നായകളുണ്ട്. നായകളെ പെറ്റാക്കുന്നവർക്ക് പല തരത്തിലുള്ള ഇഷ്ടങ്ങളാണ്. ചിലർക്ക് ക്യൂട്ടായ, കുഞ്ഞുപട്ടികളെയാണ് ഇഷ്ടം. എന്നാൽ, മറ്റ് ചിലർക്ക് കാഴ്ചയിൽ അല്പം ഭീകരതയൊക്കെ തോന്നുന്നതരം പട്ടികളെയാവും ഇഷ്ടം. എന്തായാലും, ‘കാണാൻ ഏറ്റവും വിരൂപനായ നായ’ എന്ന പേരിൽ പ്രശസ്തമായിരിക്കുകയാണ് ഈ പെക്കിംഗീസ് നായ. ജൂൺ 21 -ന് നടന്ന 2024 -ലെ ലോകത്തിലെ ഏറ്റവും ‘വിരൂപരാ’യ നായകളെ കണ്ടെത്തുന്ന മത്സരത്തിലാണ് ‘ലോകത്തിലെ ഏറ്റവും വിരൂപനായ നായ’ എന്ന പദവി ഈ നായ നേടുന്നത്. ഒറിഗോണിലെ കൂസ് ബേയിൽ നിന്നുള്ള 8 വയസ്സുള്ള ഈ നായയുടെ പേര് വൈൽഡ് താങ് എന്നാണ്. നേരത്തെയും ഈ മത്സരത്തിൽ താങ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ, ഒന്നാം സ്ഥാനത്തെത്തുന്നത് ഇത് ആദ്യമായിട്ടാണ്. നേരത്തെ മൂന്ന് തവണ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു താങ്. മഗ് റൂട്ട് ബിയറാണ് മത്സരം സ്പോൺസർ ചെയ്യുന്നത്.