മോസ്ക്കോ: സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയ റഷ്യ – യുക്രൈൻ ചർച്ച അനിശ്ചിതത്വത്തിൽ. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടന്ന അലാസ്ക ഉച്ചകോടിയുടെ തുടർച്ചയായുള്ള ചർച്ചയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി പുടിനും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കിയും തമ്മിൽ നടത്താമെന്ന് ധാരണയെത്തിയിരുന്ന ചർച്ച ഇപ്പോൾ നടക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. അങ്ങനെ ഒരു ചർച്ച ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് അറിയിച്ചത്. എൻ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ലാവ്‌റോവിന്റെ പ്രസ്താവന.
നിലവിൽ ചർച്ചകൾ നടക്കുന്നില്ലെന്നും അതിനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും ലാവ്‌റോവ് വ്യക്തമാക്കി. നേർക്കുനേർ യോഗത്തിനുള്ള അജൻഡ ഇപ്പോഴില്ലെന്നും അതിനാൽ ചർച്ചകൾ മാറ്റിവെക്കാനാണ് റഷ്യയുടെ തീരുമാനമെന്നും ലാവ്‌റോവ് വിവരിച്ചു. വിശദമായ അജൻഡ തയാറാകുമ്പോൾ മാത്രമേ ചർച്ചകൾ പരിഗണിക്കാനാകൂ എന്നാണ് റഷ്യയുടെ നിലപാട്.
പുടിൻ സെലൻസ്കിയുമായി ചർച്ച നടത്തില്ലെന്ന് നേരത്തെയും റഷ്യൻ വിദേശകാര്യ മന്ത്രി പരോക്ഷ സൂചനകൾ നൽകിയിരുന്നു. യുക്രൈൻ, റഷ്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയ ഇടത്തിന്റെയും അവിഭാജ്യ ഭാഗമാണ്. റഷ്യയിൽ നിന്നുള്ള വേർപിരിയൽ ഒരു ചരിത്രപരമായ തെറ്റാണ്. യുക്രൈൻ പ്രസിഡന്‍റിന് പരാജയം സമ്മതിക്കേണ്ടി വരും. സെലൻസ്‌കി ഒരു നാസിയാണ്. എന്തിനാണ് അദ്ദേഹവുമായി ചർച്ച നടത്തേണ്ടത്. ഉദ്യോഗസ്ഥ ചർച്ചകൾ അതീവ ശ്രദ്ധയോടെ നടക്കണമെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുടിൻ – സെലൻസ്കി ചർച്ച ഇപ്പോൾ നടക്കില്ലെന്ന് ലാവ്‌റോവ് അറിയിച്ചത്.
നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വോളഡിമീര്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. ചർച്ചയിൽ പുടിൻ നേരിട്ട് പങ്കെടുക്കുമോ എന്ന് ഉറപ്പ് നൽകാതെയുള്ള പ്രതികരണങ്ങളായിരുന്നു ആദ്യം മുതലേ റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പ്രതിനിധി തല ചർച്ചകൾ മതിയെന്ന നിലപാടിലാണ് റഷ്യയെന്നാണ് വ്യക്തമാകുന്നത്. അലാസ്ക ഉച്ചകോടിക്ക് ശേഷം ട്രംപും വൈറ്റ് ഹൗസും നടത്തിയ പ്രസ്താവനകൾക്ക് വിരുദ്ധമാണ് റഷ്യയുടെ പുതിയ നിലപാട്. യുക്രൈൻ – റഷ്യ യുദ്ധം അതിശക്തമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പിന്മാറ്റമെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയും യുക്രൈനും അങ്ങോട്ടുമിങ്ങോട്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. യുക്രൈയിനില്‍ മണിക്കൂറുകൾക്കിടെ ശക്തമായ ആക്രമണമാണ് റഷ്യ നടത്തിയത്. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രൈന്‍ ആരോപിച്ചു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ട്രാന്‍സ്കാര്‍പാത്തിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. യുക്രൈനും അതിശക്ത ആക്രമണമാണ് റഷ്യക്കെതിരെ നടത്തുന്നത്.