പെർത്ത് : ജൂണ്ടാലുപ്പ് ഹെൽത്ത് കാമ്പസിൽ 21 മാസം പ്രായമായ കുഞ്ഞ് മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടതായി മാതാപിതാക്കൾ ആരോപിച്ചു.ഒരു പ്രാദേശിക മെഡിക്കൽ സെൻ്ററിൽ പതിനെട്ടാം മാസത്തെ പതിവ് കുത്തിവെപ്പുകൾ എടുക്കുവാൻ സന്ദീപ് ധർ എന്ന കുഞ്ഞിനെ അവന്റെ മാതാപിതാക്കൾ കൊണ്ടുപോയിരുന്നു. കുത്തിവെപ്പ് എടുത്തതിനുശേഷം ആണ് കുഞ്ഞിന് പനി ആരംഭിക്കുന്നത്.പനിയുടെ കാരണം കണ്ടെത്താൻ പരിശോധനകൾ നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മാതാപിതാക്കൾ മൂന്നുതവണ കുഞ്ഞിനെ ക്ലിനിക്കിൽ എത്തിച്ചിരുന്നു, എന്നാൽ അവരുടെ നിരന്തര ആവശ്യം ക്ലിനിക്കിൽ ഉള്ളവർ ചെവിക്കൊണ്ടിരുന്നില്ല.
കുട്ടിയെ മാർച്ചിൽ കടുത്ത പനിയെത്തുടർന്ന് ജുൻഡലൂപ്പ് ഹെൽത്ത് കാമ്പസിലേക്ക് കൊണ്ടുപോയി.
ആശുപത്രിയിലേക്കുള്ള അവരുടെ ആദ്യ യാത്രയിൽ, കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് അവരെ വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ പനി മൂർച്ഛിച്ചപ്പോൾ അവർ വീണ്ടും കുഞ്ഞുമായി ആശുപത്രിയിലെത്തി.
പനിയുടെ കാരണം നിർണ്ണയിക്കാൻ രക്തപരിശോധന നടത്താൻ ആശുപത്രിയും ജിപിമാരും വിസമ്മതിച്ചതായി മാതാപിതാക്കൾ ആരോപിച്ചു. തുടർന്ന് ഡോക്ടർമാർ കുഞ്ഞിന്റെ നെഞ്ചിന്റെ എക്സ്-റേ എടുക്കുകയും കുട്ടിക്ക് ന്യുമോണിയ ഉണ്ടെന്ന് പറഞ്ഞതായും, അത് ഒരു ശ്വാസകോശത്തെ ഗുരുതരമായി ബാധിച്ചു എന്ന് പറഞ്ഞതായും മാതാപിതാക്കൾ വ്യക്തമാക്കി. അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
കുട്ടിക്ക് ഗുരുതരമായ അസുഖമുണ്ടെന്നും ലുക്കീമിയ ആണെന്നും ആരോഗ്യമന്ത്രി ആംബർ ജേഡ് സാൻഡേഴ്സൺ പറഞ്ഞു. ആരെക്കാളും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നന്നായി അറിയാമെന്നും , എന്നാൽ എന്താണ് സംഭവിച്ചതെന്ന് റാംസെ ഹെൽത്ത് കെയർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഭിപ്രായമിടുന്നതിന് മുമ്പ് അതിൻ്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു .അന്വേഷണത്തിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യാൻ ആശുപത്രി മാനേജ്‌മെൻ്റ് തിങ്കളാഴ്ച ധർ കുടുംബത്തെ കാണുമെന്ന് സാൻഡേഴ്‌സൺ പറഞ്ഞു.
കുട്ടിയുടെ ചികിത്സക്കായുള്ള നിരവധി അവസരങ്ങൾ നഷ്ടമാക്കിയെന്നും മാതാപിതാക്കളുടെ ആശങ്കകൾക്ക് ആവശ്യമായ പരിഗണന നൽകിയില്ലെന്നും അഭിഭാഷകൻ സുരേഷ് രാജൻ പറഞ്ഞു.സഹായത്തിനായി അപേക്ഷിച്ചിട്ടും ഉത്തരം ലഭിക്കാത്തതിനെത്തുടർന്ന് ആശുപത്രിയിൽ വച്ച് മരിച്ച ഐശ്വര്യ അശ്വത്തിന്റെ സാഹചര്യവുമായി സമാനതകളുള്ള ഈ കേസിൽ ആരോഗ്യ സംരക്ഷണ വിദഗ്ധർ മാതാപിതാക്കളെ അവഗണിച്ചതായും അദ്ദേഹം വ്യക്തമാക്കി.പലരും മാതാപിതാക്കളുടെ ചുമലിൽ മാത്രം കുറ്റം ചുമത്തുമെന്ന് ആശങ്കയുള്ളതിനാൽ സോഷ്യൽ മീഡിയയിൽ നോക്കരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും രാജൻ പറഞ്ഞു.
ഐശ്വര്യയുടെ മരണത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് സർവീസസ് (CAHS) അന്വേഷണം നടത്തിയിരുന്നു.ഇതിൽ ട്രയാജ് ഉൾപ്പെടെ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിരവധി വീഴ്ചകളാണ് കണ്ടെത്തിയത്.































