തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിൽ കുരുങ്ങി ജീവിതം പ്രതിസന്ധിയിലായി അമ്മയും മകളും. ഹോസ്റ്റൽ നടത്താനായി കെട്ടിടത്തിന്‍റെ നാലാം നില വിട്ടുനൽകാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചൽ സ്വദേശി ഷൈജുവാണ് അഞ്ച് ലക്ഷം തട്ടിയെടുത്ത് മുങ്ങിയത്.
ക്യാൻസർ രോഗിയാണ് നസീറ. തലസ്ഥാനത്ത് ഒരു ഹോസ്റ്റൽ നടത്തി ജീവിക്കാനാണ് നസീറ ഷൈജുവിനെ സമീപിച്ചത്. ഷൈജുവിന്‍റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ നാലാം നിലയിലെ 9 മുറികള്‍ വാടകയ്ക്ക് നൽകാമെന്ന് ഉറപ്പിച്ചു. ഷൈജു 5 ലക്ഷം രൂപ അഡ്വാൻസും വാങ്ങി. പക്ഷെ പിന്നീട് പണി തീർത്ത് കെട്ടിടം കൈമാറിയില്ല.
ഒരു മുറിയിൽ നസീറയും മകളും താമസം തുടങ്ങിയിരുന്നു. പണവുമായി ഷൈജു മുങ്ങിയ ശേഷം കറന്‍റും വെള്ളവും ഇല്ലാതായി. പണം നഷ്ടമായി വെളളവും ആഹാരവുമില്ലാതെ ബുദ്ധിമുട്ടിയ അമ്മയും മകളും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വിളിച്ച് സഹായം ആഭ്യർത്ഥിച്ചു. മന്ത്രിമാരായ ശിവൻകുട്ടിയും ജി ആർ അനിലും നേരിട്ടെത്തി നസീറയെയും മകളെയും കണ്ടു. തട്ടിപ്പുകാരനെ ഉടൻ പിടികൂടാൻ പൊലീസിന് നിർദേശം നൽകി.
തമ്പാനൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്. വീട് പണി നടത്തിയ തൊഴിലാളികള്‍ക്കും ഷൈജു പണം നൽകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. പൊലീസ് ഇതേവരെ കേസ് എടുത്തിട്ടില്ല. കേസ് വേണ്ട, ഷൈജുവിനെ കണ്ടെത്തി പണം തിരികെ കിട്ടിയാൽ മതിയെന്നാണ് സ്ത്രീകള്‍ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.