ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രകള്‍ക്ക് ആവശ്യമായ ഷെങ്കന്‍ വിസ ഇനിമുതല്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തില്‍. നിലവിലുള്ള പേപ്പര്‍ അധിഷ്ഠിത വിസ സംവിധാനത്തിന് പകരം സുരക്ഷിതമായ ഡിജിറ്റല്‍ ബാര്‍കോഡ് ഉപയോഗിക്കുന്ന പുതിയ സംവിധാനം 2028-ഓടെ പൂര്‍ണതോതില്‍ നടപ്പാക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. സുരക്ഷ വര്‍ധിപ്പിക്കാനും അപേക്ഷാ നടപടികള്‍ വേഗത്തിലാക്കാനും പുതിയ സംവിധാനം സഹായിക്കും. 2024-ലെ പാരീസ് ഒളിമ്പിക്‌സിനോടനുബന്ധിച്ച് ഫ്രാന്‍സ് 70,000 ഡിജിറ്റല്‍ ഷെങ്കന്‍ വിസകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് പ്രവേശനം സാധ്യമാക്കാന്‍ ഈ സംവിധാനം സഹായിക്കും. യാത്രക്കാരുടെ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ കേന്ദ്രീകൃത ഡേറ്റാബേസുമായി ബന്ധിപ്പിക്കുന്നതിനാല്‍ നടപടികള്‍ കൂടുതല്‍ എളുപ്പമാകും.
എങ്ങനെ പ്രവര്‍ത്തിക്കും? പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വിസ അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ ഫീസ് അടയ്ക്കുന്നത് വരെയുള്ള എല്ലാ നടപടികളും ഓണ്‍ലൈനിലൂടെ സാധ്യമാകും. അപേക്ഷകര്‍ക്ക് ആവശ്യമായ രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനും അപേക്ഷയുടെ പുരോഗതി അറിയാനും കഴിയും. ഈ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡിജിറ്റല്‍ ഒപ്പോടുകൂടിയ ബാര്‍കോഡ് വിസ ലഭിക്കും. ആദ്യമായി യൂറോപ്പ് സന്ദര്‍ശിക്കുന്നവര്‍ക്ക് വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നേരിട്ട് ഹാജരാകേണ്ടിവരും. എന്നാല്‍, പിന്നീട് വരുന്ന യാത്രകളില്‍ നടപടികള്‍ കൂടുതല്‍ ലളിതമായിരിക്കും.
ഷെങ്കന്‍ വിസ അപേക്ഷാ നടപടികള്‍ അപേക്ഷിക്കേണ്ട എംബസി: നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ എംബസി വഴിയാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ആദ്യം പ്രവേശിക്കുന്ന രാജ്യത്തിന്റെ എംബസി വഴിയും അപേക്ഷിക്കാം. ഇന്ത്യയില്‍ മിക്ക രാജ്യങ്ങള്‍ക്കും വി.എഫ്.എസ്. ഗ്ലോബല്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. സ്‌പെയിനിന് ബി.എല്‍.എസ്. ഇന്റര്‍നാഷണല്‍ വഴിയും. ഫ്രാന്‍സിലേക്ക് ‘ഡെമാര്‍ഷെസ് സിംപ്ലിഫീസ്’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
രേഖകള്‍: അപേക്ഷയോടൊപ്പം ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്പോര്‍ട്ട്, അപേക്ഷാ ഫോം, യാത്രാ ഇന്‍ഷുറന്‍സ് (കുറഞ്ഞത് 30,000 യൂറോ കവറേജ്), ഫ്‌ലൈറ്റ്, ഹോട്ടല്‍ ടിക്കറ്റുകള്‍, യാത്രാവിവരങ്ങള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ശമ്പള സര്‍ട്ടിഫിക്കറ്റ്, ഐ.ടി.ആര്‍. എന്നിവ ഹാജരാക്കണം.
ബയോമെട്രിക് വിവരങ്ങള്‍: ആദ്യമായി അപേക്ഷിക്കുന്നവര്‍ വിരലടയാളവും ഫോട്ടോയും നല്‍കണം. ഈ വിവരങ്ങള്‍ വിസ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ 59 മാസത്തേക്ക് സൂക്ഷിക്കും. അതിനാല്‍ ഈ കാലയളവില്‍ വീണ്ടും അപേക്ഷിക്കുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതില്ല.
ഫീസ്: മുതിര്‍ന്നവര്‍ക്ക് 80 യൂറോയും 6-നും 12-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 40 യൂറോയുമാണ് സാധാരണ വിസ ഫീസ്. ആറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗജന്യമാണ്. ഇതിനുപുറമെ വി.എഫ്.എസ്./ബി.എല്‍.എസ്. സര്‍വീസ് ഫീസായി ഏകദേശം 1,800-നും 2,200-നും ഇടയില്‍ രൂപ നല്‍കേണ്ടിവരും.
പ്രോസസിങ് സമയം: സാധാരണയായി 15 ദിവസമാണ് വിസ ലഭിക്കാന്‍ വേണ്ട സമയം. എന്നാല്‍, തിരക്കുള്ള സമയങ്ങളില്‍ ഇത് 30 മുതല്‍ 60 ദിവസം വരെ നീണ്ടുപോവാറുണ്ട്.
മറ്റ് വിവരങ്ങള്‍: യാത്ര പുറപ്പെടുന്നതിന് 30 മുതല്‍ 60 ദിവസം മുമ്പ് അപേക്ഷിക്കുന്നതാണ് ഉചിതം. അപേക്ഷകള്‍ പരമാവധി ആറ് മാസം മുമ്പ് സ്വീകരിക്കുമെങ്കിലും അവസാന നിമിഷം അപേക്ഷിക്കുന്നത് ഒഴിവാക്കുക. ലിത്വാനിയ, ലാത്വിയ, എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളുടെ എംബസികള്‍ വഴി വേഗത്തില്‍ വിസ ലഭിക്കാന്‍ സാധ്യതയുണ്ട്. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ വിസ ലഭിക്കുന്നതിന് മുമ്പ് നേരിട്ടുള്ള അഭിമുഖം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. 2025 ജൂലൈ 1 മുതല്‍ വിസ നിരസിക്കപ്പെട്ടാല്‍ ജര്‍മനിയില്‍ നേരിട്ട് അപ്പീല്‍ നല്‍കാന്‍ കഴിയില്ല. ഔദ്യോഗിക നിയമ നടപടികളിലൂടെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ഷെങ്കന്‍ വിസ ഉപയോഗിച്ച ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ രണ്ട് അല്ലെങ്കില്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടി-എന്‍ട്രി വിസ ലഭിക്കാന്‍ സാധ്യതയുണ്ട്.