സിഡ്നി: സിഡ്‌നിയിലെ ജൂത ദേവാലയത്തിന് നേരെയുണ്ടായ ആക്രമത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ന്യൂ ടൗണിലുള്ള സിനഗോഗിൻ്റെ ചുമരിൽ നാസി ചിഹ്നങ്ങൾ പതിപ്പിക്കുകയും തീവെക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്.
മുഖ്യ പ്രതി ആദം എഡ്വേർഡ് മൗൾ അറസ്റ്റിലായി രണ്ട് ദിവസത്തിന് ശേഷമാണ് രണ്ടാമത്തെയാൾ അറസ്റ്റിലായത്. പൈർമോണ്ടിലെ ഒരു ഹോട്ടലിൽവെച്ചാണ് 37കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ആദം എഡ്വേർഡ് മൗളിനെ അറസ്‌റ്റ് ചെയ്‌തത്. തീവെപ്പ്, സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. വ്യാഴാഴ്ച കോടതിയിൽ ജാമ്യാപേക്ഷ നൽകാത്തതിനാൽ അടുത്ത രണ്ടാഴ്ചയെങ്കിലും പ്രതി കസ്റ്റഡിയിൽ തുടരും.
അന്വേഷണം പൂർത്തിയായിട്ടില്ലന്ന്യം കൂടുതൽ പേർ ഇനിയും അറസ്റ്റിലാകുമെന്നും ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രീസ് മിൻസ് പറഞ്ഞു. വംശീയ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടാൻ നിരവധി പൊലിസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.