ദില്ലി: പ്രവീണ്‍ വധക്കേസില്‍ പ്രതിയായ മുൻ ഡിവൈഎസ്പി ആര്‍ ഷാജിയുടെ ജയിൽ മോചന ഹർജിയെ എതിർത്ത് സംസ്ഥാനം സുപ്രീംകോടതിയിൽ. കൊലപാതകം, ബലാത്സംഗം, കുട്ടികൾക്കെതിരായ അതിക്രമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഇളവ് നൽകില്ലെന്നാണ് സർക്കാര്‍ നയമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
ഷാജി നടത്തിയത് ഹീനമായ കുറ്റകൃത്യമാണ്. കൊലപാതകം നടത്തി ശരീര ഭാഗം വെട്ടി നുറുക്കി ഉപേക്ഷിച്ചു. ജനത്തിന് സുരക്ഷ നൽകേണ്ട ഉദ്യോഗസ്ഥനിൽ നിന്നുണ്ടായത് ക്രൂരമായ പ്രവൃത്തിയാണ്. ഷാജിയുടെ ഒന്നാം ഭാര്യയും ജയിൽ മോചനത്തെ എതിർത്തു. ഷാജിയിൽ നിന്ന് ഭീഷണയുണ്ടെന്ന് ആദ്യ ഭാര്യ പരാതി നൽകിയിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം, കുട്ടികൾക്കെതിരായ അതിക്രമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് ശിക്ഷ ഇളവ് നൽകില്ല എന്നത് സർക്കാരിന്‍റെ നയമാണെന്നും സംസ്ഥാനം കോടതിയില്‍ സമര്‍പ്പിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്.