കോഴിക്കോട്: താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മക്കളെ പുറത്ത് നിർത്തിയ ശേഷമാണ് സനൂപ് ഡോക്ടറുടെ മുറിയിലേക്ക് കയറുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. മക്കളെയും കൂട്ടിയാണ് സനൂപ് ആശുപത്രിയിലേക്കെത്തുന്നത്. കുട്ടികളുടെ സ്കൂൾ ബാഗ് വാങ്ങി കയ്യിൽ വെച്ചതിന് ശേഷം അതിനുള്ളിലാണ് ആയുധം വെച്ചത്. കൊടുവാളിന്റെ പിടിഭാഗം ബാഗിന് പുറത്തേക്ക് തള്ളിനിൽക്കുന്നത് ദൃശ്യത്തിലുണ്ട്. ഡോക്ടറെ വിപിനെ വെട്ടിയതിന് പിന്നാലെ തന്നെ അവിടെയുള്ളവർ ഓടിക്കൂടി സനൂപിനെ ബലമായി പിടികൂടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ വിപിൻ തലയിൽ കൈ പൊത്തിപ്പിടിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.
ഇന്നലെയാണ് താമരശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടറെ തലയ്ക്കു വെട്ടി പരിക്കേൽപിച്ചത്. നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ ആശുപത്രിയിൽ ചികിത്സ തേടിയ 9 വയസ്സുകാരിയുടെ അച്ഛൻ സനൂപ് ആണ് ആശുപത്രിയിലെ ഫിസിഷ്യൻ ഡോക്ടർ വിപിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഡോക്ടര്‍ വിപിൻ.
കാലത്ത് 11 മണിയോടെ തന്റെ രണ്ടു കുട്ടികളുമായി ആശുപത്രിയിലെത്തിയ സനൂപ് പലതവണ ആശുപത്രിക്ക് അകത്തേക്ക് കയറി സൂപ്രണ്ടിനെ അന്വേഷിച്ചിരുന്നു. സൂപ്രണ്ട് മറ്റു ഔദ്യോഗിക കാര്യങ്ങളിൽ തിരക്കിലായതിനാൽ സനൂപിനെ കാണാനായില്ല. തുടർന്ന് രണ്ടു മണിയോടെയാണ് ഇയാൾ സൂപ്രണ്ടിന്റെ മുറിക്ക് അകത്ത് രോഗികളുടെ ബന്ധുക്കളുമായി സംസാരിക്കുകയായിരുന്ന ഡോക്ടർ വിപിനെ വെട്ടി പരിക്കേൽപ്പിച്ചത്. തലക്ക് മുറിവേറ്റ ചോര വാർന്ന ഡോക്ടർ വിപിനെ രക്ഷിക്കാനായി മറ്റു ജീവനക്കാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് സനൂപിനെ ജീവനക്കാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു.