ലണ്ടൻ: ആകാശത്ത് നിന്ന് 15500 അടി താഴെയുള്ള വയലിലേക്ക് വീണ് സ്കൈഡൈവർ മരിച്ചത് ആത്മഹത്യയെന്ന് കണ്ടെത്തൽ. 32 കാരിയായ ജേഡ് ഡമറെലാണ് ഇംഗ്ലണ്ടിൽ ജീവനൊടുക്കിയത്. ഏപ്രിൽ 27 ന് സംഭവിച്ച മരണം ആത്മഹത്യയാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ദിവസം ആറ് തവണ ആകാശത്ത് നിന്ന് താഴേക്ക് ചാടിയ ഡെമറൽ അന്ന് തൻ്റെ ഏഴാമത്തെ ശ്രമത്തിലാണ് മരിച്ചത്. പങ്കാളിയുമായുള്ള പ്രണയ ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
തൻ്റെ കരിയറിൽ 500 ലേറെ തവണ സ്കൈഡൈവിങ് നടത്തിയിട്ടുള്ള വിദഗ്ദ്ധയായിരുന്നു ഡെമറൽ. അവസാനത്തെ ചാട്ടത്തിൽ സ്‌കൈഡൈവ് ചെയ്യുമ്പോൾ ഡമറെൽ സാധാരണയായി ധരിക്കുന്ന ക്യാമറ ധരിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സാധാരണയായി 5,000 അടി ഉയരത്തിൽ തുറക്കുന്ന പാരച്യൂട്ടും ഇത് യാന്ത്രികമായി തുറന്നുവിടുമായിരുന്ന ബാക്കപ്പ് ഉപകരണവും പ്രവർത്തന രഹിതമാക്കിയിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.
തൻ്റെ മരണത്തിന് ശേഷം എങ്ങനെ തൻ്റെ ഫോൺ തുറന്ന് പരിശോധിക്കാമെന്നത് ഇവർ എഴുതിവെച്ചതും പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്ന് ഡെമറൽ കുടുംബത്തിന് എഴുതിയ കുറിപ്പുകൾ കണ്ടെത്തി. കുടുംബത്തോട് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതിൽ ക്ഷമ ചോദിച്ച അവർ, ജീവിതത്തിൽ നൽകിയ പിന്തുണക്കെല്ലാം നന്ദി പറയുകയും ഒപ്പം തൻ്റെ സമ്പാദ്യത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഡർഹാം പോലീസ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആൻഡ്രൂ സ്റ്റീഫൻസണാണ് മരണം സംബന്ധിച്ച് അന്വേഷിച്ചത്. അതേസമയം ആറ് മാസത്തോളം ഡെമറലുമായി പ്രണയത്തിലായിരുന്ന പങ്കാളിയുടെ പേര് പുറത്തുവിട്ടിട്ടില്ല.