മെൽബൺ: 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന ലോകത്തെ മുൻനിര നിയമം ഓസ്‌ട്രേലിയയിൽ പ്രാബല്യത്തിൽ വരുന്നതിന് രണ്ട് മാസം മാത്രം ശേഷിക്കെ, ഇതുമായി ബന്ധപ്പെട്ട ആദ്യ പരസ്യ കാമ്പയിൻ ഫെഡറൽ സർക്കാർ പുറത്തിറക്കി.
ഡിസംബർ 10-ന് നിയമം നിലവിൽ വരും. നിയമം ബാധകമാകുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പുതിയ നിയമങ്ങളെക്കുറിച്ചും ഇത് എങ്ങനെ നടപ്പാക്കുമെന്നും വിശദീകരിക്കുകയാണ് ഈ ബോധവൽക്കരണ കാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സ്‌കൂളുകൾക്ക് അടുത്തുള്ള പരസ്യ ബോർഡുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെയാണ് ഈ പരസ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക.
നിയമം “സെറ്റ് ആൻഡ് ഫൊർഗെറ്റ്” അല്ല
ഡിസംബർ 10 വരെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിയമപരമാണ്. അതിനാൽ, അവർ എവിടെയാണോ ഉള്ളത് അവിടെ ചെന്ന് നിയമത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരോട് സംസാരിക്കേണ്ടതുണ്ടെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് പറഞ്ഞു.
നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാനായി യൂട്യൂബ്, സ്‌നാപ്ചാറ്റ്, ടിക് ടോക്, മെറ്റാ തുടങ്ങിയ സോഷ്യൽ മീഡിയാ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
“ഇതൊരു ‘സെറ്റ് ആൻഡ് ഫൊർഗെറ്റ്’ നിയമമല്ല. ഇത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ഓൺലൈൻ ദോഷങ്ങൾ കുറയ്ക്കുന്നതിനായി ഞങ്ങൾ ശ്രദ്ധയോടെ ഇടപെടൽ തുടരും,” മന്ത്രി കൂട്ടിച്ചേർത്തു. ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന പ്ലാറ്റ്‌ഫോമുകളുടെ അന്തിമ ലിസ്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.