കാൻബറ: ഓസ്ട്രേലിയയ്ക്കു സമീപമുള്ള പസിഫിക് ദ്വീപുരാഷ്ട്രമായ സോളമൻ ദ്വീപുകളുടെ പുതിയ പ്രധാനമന്ത്രിയായി ചൈനാ അനുകൂലിയായ ജറമിയാ മാനെലെ തെരഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ ശക്തികളോട് വിമുഖത കാട്ടിയിരുന്ന മുൻ പ്രധാനമന്ത്രി മനാസെ സൊഗവാരെയുടെ പകരക്കാരനായിട്ടാണ് ജറമിയാ സ്ഥാനമേൽക്കുന്നത്. ഇന്നലെ പാർലമെന്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 31 വോട്ടുകളോടെയാണ് മുൻ വിദേശകാര്യ മന്ത്രിയായ ജറമിയാ തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളി മാത്യു വെയ്‌ലിന് 18 വോട്ട് ലഭിച്ചു.
പ്രാദേശിക സുരക്ഷയെ ബാധിക്കുന്നതിനാൽ സമീപ രാജ്യമായ ഓസ്ട്രേലിയയും സഖ്യകക്ഷിയായ അമേരിക്കയും തെരഞ്ഞെടുപ്പ് ഫലത്തെ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തലസ്ഥാനമായ ഹൊനിയാരയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസി മാനെലെയെ അഭിനന്ദിച്ചു. ഓസ്ട്രേലിയയും സോളമൻ ദ്വീപുകളും അടുത്ത സുഹൃത്തുക്കളാണെന്നും പുതിയ പ്രധാനമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അൽബനീസി പറഞ്ഞു. ഞങ്ങളുടെ ഭാവികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് സോളമൻ ഐലൻഡ്‌സിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് 50 അംഗ പാർലമെന്റിലെ നിയമസഭാംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. നൂറുകണക്കിന് ചെറുദ്വീപുകൾ ചേർന്ന സോളമൻ ഐലൻഡ്‌സിൽ ഏകദേശം 7,00,000 പേരാണ് ജീവിക്കുന്നത്.
പ്രതിരോധമടക്കമുള്ള കാര്യങ്ങളിൽ ചൈനയുമായുള്ള സഹകരണം തുടരുമെന്നു ജറമിയാ വ്യക്തമാക്കിയിട്ടുണ്ട്. 2019ൽ ജറമിയാ വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് സോളമൻ ദ്വീപ് തായ്വാനുമായുള്ള നയതന്ത്രം വിച്ഛേദിച്ച് ചൈനയോട് അടുത്തത്.
2022ൽ മനാസെ സൊഗവാരെ ചൈനയുമായി സുരക്ഷാ ഉടമ്പടി ഉണ്ടാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. സുരക്ഷാ ഉടമ്പടി ചൈനീസ് പോലീസിനെ പസഫിക് ദ്വീപുകളിലെ ദ്വീപസമൂഹത്തിലേക്ക് ക്ഷണിക്കുകയും ചൈനയുമായി കൂടുതൽ അടുക്കാൻ കാരണമാകുകയും ചെയ്‌തിരുന്നു. ഈ വിഷയത്തിൽ ന്യൂസിലൻഡ്, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു.
2021 ലെ ഗവൺമെന്റ് വിരുദ്ധ കലാപത്തിനിടെ മനാസെ സൊഗവരെയുടെ വീട് പ്രക്ഷോഭകാരികൾ കത്തിച്ചിരുന്നു. കലാപത്തിൽ തലസ്ഥാനമായ ഹൊനിയാരയയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അന്ന് ഓസ്ട്രേലിയ ഇടപെട്ടതിന് പിന്നാലെയാണ് മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ടത്.
ഓസ്ട്രേലിയയുടെ വടക്കുകിഴക്കായി ഓഷ്യാനിയയുടെ ഭാഗമായ മെലനേഷ്യയിൽ ആറ് പ്രധാന ദ്വീപുകളും 900ലധികം ചെറുദ്വീപുകളും അടങ്ങുന്ന രാജ്യമാണ് സോളമൻ ഐലൻഡ്‌സ്.






























