കാൻബറ : ഓസ്‌ട്രേലിയയുടെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി സുസൻ ലേയ് തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് ഉണ്ടായ പരാജയത്തെ തുടർന്ന് പീറ്റർ ഡട്ടൺ തന്റെ സീറ്റ് നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലിബറൽ പാർട്ടിയിൽ പുതിയ നേതൃതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ സുസൻ ലേയ് 29 വോട്ടുകൾ നേടി, അങ്ങസ് ടെയ്‌ലറെ തോൽപിച്ച് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരത്തിൽ ലിബറൽ പാർട്ടിയുടെ ദേശീയ തലത്തിൽ നേതൃത്വത്തിൽ എത്തുന്ന ആദ്യ വനിതയായ സുസൻ, കൂടാതെ ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവുമാണ്.
സുസൻ ലേയ് ഇപ്പോൾ ഓസ്‌ട്രേലിയൻ ഫെഡറൽ പാർലമെന്റിൽ ന്യൂ സൗത്ത് വെയിൽസിലെ ഫാരർ (Farrer) എന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2001-ൽ ആദ്യമായി ഈ സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അവർ, തുടർച്ചയായി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് വരികയാണ്. ഫാരർ മണ്ഡലം ആൽബറി, ഗ്രിഫിത്ത്, ലീറ്റൺ, ഹേ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന, മറിയ് നദിക്കരയിലൂടെ നീളുന്ന, ന്യൂ സൗത്ത് വെയിൽസിലെ രണ്ടാമത്തെ വലിയ ഫെഡറൽ മണ്ഡലമാണ്.
2025 ഫെഡറൽ തിരഞ്ഞെടുപ്പിൽ, സ്വതന്ത്ര സ്ഥാനാർഥിയായ മിഷേൽ മിൽതോർപ്പിന്റെ ശക്തമായ വെല്ലുവിളിക്കിടയിലും, സുസൻ ലേയ് 56.2% വോട്ടുകൾ നേടി ഫാരർ സീറ്റ് നിലനിർത്തി. അവരുടെ രാഷ്ട്രീയ ജീവിതത്തിൽ, സുസൻ ലേയ് ആരോഗ്യ, പരിസ്ഥിതി, പ്രായമായവരുടെ പരിചരണം തുടങ്ങിയ വകുപ്പുകളിൽ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. 2025-ൽ ലിബറൽ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ, അവർ ഓസ്‌ട്രേലിയയുടെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി മാറുകയും ചെയ്തു.