‘എറിക്ക ലസ്റ്റ് ഫിലിംസ്’ എന്ന സ്വീഡിഷ് കമ്പനി ജീവനക്കാരുടെ സമ്മർദ്ദം നിയന്ത്രിക്കാൻ അസാധാരണമായ ഒരു പദ്ധതി നടപ്പാക്കിയിരിക്കുകയാണ്. കമ്പനിയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ദിവസവും 30 മിനിറ്റ് ‘മാസ്റ്റർബേഷൻ ബ്രേക്ക്’ അനുവദിക്കുകയാണ് കമ്പനി ചെയ്തത്. ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കുന്നതിനും ഇത് സഹായകരമാകുന്നുണ്ട് എന്നാണ് കമ്പനി വക്താക്കൾ പറയുന്നത്.
നാൽപതിലധികം ജീവനക്കാരാണ് ‘എറിക്ക ലസ്റ്റ് ഫിലിംസി’ൽ ഉള്ളത്. എറിക്ക ലസ്റ്റ് സ്ഥാപിച്ച ഈ കമ്പനി സ്വതന്ത്ര അഡൾട്ട് സിനിമകളുടെ നിർമ്മാണമാണ് പ്രധാനമായും നടത്തുന്നത്. കൊവിഡ് -19 പാൻഡെമിക് സമയത്ത് ജീവനക്കാർ സമ്മർദ്ദത്തിലും അസ്വസ്ഥതയിലും കഴിഞ്ഞപ്പോഴാണ് എറിക്ക ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. ഒരു പരീക്ഷണമായി ജീവനക്കാർക്കിടയിൽ ഇത് അവതരിപ്പിച്ചു. അത് വിജയകരമാണെന്ന് കണ്ടെത്തിയതോടെ 2022 മെയ് മാസം മുതൽ കമ്പനിയുടെ സ്ഥിരം നയം ആക്കി മാറ്റുകയായിരുന്നു.
ഒരു ബ്ലോഗ് പോസ്റ്റിൽ, എറിക്ക ഇത് നടപ്പിലാക്കുന്നതിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘2021 -ൽ, കൊവിഡ്മഹാമാരി ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ, എന്റെ ടീമും ഞാനും മാനസിക സമ്മർദ്ദത്തിലേക്ക് വഴുതി വീഴുകയാണെന്ന് ഞാൻ മനസ്സിലാക്കി. കാലങ്ങളോളം നീണ്ടുനിന്ന കൊവിഡ് ജീവിതം ഞങ്ങളെ ബാധിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല. ഞങ്ങളെല്ലാവരും വളരെയധികം ആശങ്കയിലായിരുന്നു. ഈ മാനസിക സമ്മർദ്ദങ്ങളെ മറികടക്കാനാണ് ഇത്തരത്തിൽ ഒരു ആശയം പരീക്ഷിച്ചത്.’
ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് തന്റെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും 30 മിനിറ്റ് അധികം ഇടവേള നൽകിയിട്ടുണ്ട്. ഇതിനായി അവർ ഓഫീസിൽ ഒരു സ്വകാര്യ ഇടം പോലും ഉണ്ടാക്കിയിട്ടുണ്ടത്രെ.
ഇത് ഒരു വ്യക്തിയെ കൂടുതൽ സന്തോഷവാനും ഊർജ്ജസ്വലനും ആക്കി മാറ്റുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്നാണ് എറിക്ക പറയുന്നത്. ഇതിലൂടെ തന്റെ ജീവനക്കാരുടെ സർഗാത്മകത വർദ്ധിപ്പിച്ചു എന്നും ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് കഴിയുന്നുണ്ടെന്നും എറിക്ക കൂട്ടിച്ചേർത്തു.