സിഡ്നി: സ്റ്റീവൻ ഹാസിക് എന്നറിയപ്പെടുന്ന സിഡ്നിയിലെ ദന്തഡോക്ടറായ സഫുവാൻ ഹാസികിൽ നിന്ന് ചികിത്സ തേടിയവർ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി ഉൾപ്പെടെയുള്ള വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഡോക്ടർ പ്രാക്ടീസ് നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ഈ നിർദ്ദേശം നൽകിയത്.
തെക്കൻ സിഡ്നിയിലെ മോർട്ട്ഡെയ്ൽ 70 വിക്ടോറിയ അവന്യൂവിലാണ് ഡോക്ടർ പ്രാക്ടീസ് ചെയ്തിരുന്നത്. എത്രയും വേഗം പരിശോധന നടത്തി വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണം. വൈറസ് ബാധിക്കുന്നതിന് സാധ്യത കുറവാണെങ്കിലും ബാധിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം നൽകിയിരുന്നത്.
ഡോക്ടർ സഫുവാൻ 1980 മുതൽ ദന്തഡോക്ടറായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. ന്യൂ സൗത്ത് വെയിൽസിലെ ഡെന്റൽ കൗൺസിൽ നടത്തിയ ഓഡിറ്റിൽ ദന്ത ഉപകരണങ്ങളുടെ അപര്യാപ്തയും വൃത്തിഹീനമായ സാഹചര്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം കൗൺസിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.