പോർട്ട് ലിങ്കൺ∙ കാമുകൻ ജൂലിയൻ സ്റ്റോറിയെ (39) കൊലപ്പെടുത്തിയ കേസിൽ മുൻ ഓസ്ട്രേലിയൻ റിയാലിറ്റി ഷോ താരം തമീക സുസന്ന-റോസ് ചെസ്സർ (34) അറസ്റ്റിൽ. ജൂലിയൻ സ്റ്റോറിയുടെ ദക്ഷിണ ഓസ്ട്രേലിയയിലുള്ള പോർട്ട് ലിങ്കണിലെ വീടിന് തീപിടിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്ത നിലയിൽ കാണപ്പെട്ട മൃതദേഹത്തിലെ ശരീരഭാഗങ്ങൾ വെട്ടിമുറിച്ച നിലയിലായിരുന്നു. തുടർന്ന്, അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തി. പക്ഷേ തല ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൊലപ്പെടുത്തിയ ശേഷമാണ് തലയറുത്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തല കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം നടന്ന് വരികയാണെന്ന് സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചു. ജൂൺ 17ന് അർധരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ 17ന് അർധരാത്രിക്ക് ശേഷം അപ്പാർട്മെന്റിൽ നിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് തമീകയെ സമീപിച്ചതായി ഒരു ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീടിന് തീപിടിച്ചിട്ടും തീ അണയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ തമീക തയാറായില്ല. പകരം, വീട് പൂട്ടി മൂന്ന് നായ്ക്കളുമായി നടക്കാൻ പോയെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. സമീപവാസികളുടെ സിസിടിവി, ഡാഷ്ക്യാം ദൃശ്യങ്ങളിൽ നിന്ന് നിർണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
കൃത്യം നടന്ന അപ്പാർട്മെന്റിന്റെ പിന്നിൽ മാനസികമായി തളർന്ന നിലയിലാണ് തമീകയെ കണ്ടെത്തിയത്. പ്രതി അറസ്റ്റിനോട് സഹകരിച്ചതായി പൊലീസ് അറിയിച്ചു. പക്ഷേ കൃത്യം നടത്താനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് തമീക. ഇവരെ ഡിസംബറിൽ വീണ്ടും കോടതിയിൽ ഹാജരാക്കും.
2010ൽ ബ്യൂട്ടി ആൻഡ് ദ ഗീക്ക് എന്ന റിയാലിറ്റി ഷോയിലെ റണ്ണറപ്പറായതോടെയാണ് തമീക പ്രശസ്തിയിലേക്ക് ഉയരുന്നത്. പ്ലേബോയ്, റാൾഫ്, എഫ്എച്ച്എം തുടങ്ങിയ മാസികകളുടെ മോഡലുമായിരുന്നു.































