നടനായും സംവിധായകനായും തങ്ങളെ ഏറെ രസിപ്പിച്ച മനോബാലയുടെ വിയോഗം തമിഴകം ഏറെ വേദനയോടെയാണ് ഉള്‍ക്കൊണ്ടത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ 69-ാം വയസ്സിലാണ് അദ്ദേഹത്തിന്‍റെ വേര്‍പാട്. സിനിമാമേഖലയിലെ പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആദരം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ കാണാന്‍ നേരിട്ടെത്തി. നടന്‍ വിജയ് ആയിരുന്നു അതിലൊരാള്‍.
മനോബാലയെ അവസാനമായി കാണാനെത്തുന്ന വിജയ്‍യുടെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. നിരവധി വിജയ് ചിത്രങ്ങളില്‍ മനോബാല പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് ആ ലിസ്റ്റില്‍. ബിഗില്‍ ആണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.