കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെതിരായ ഇ ഡി നോട്ടീസിൽ രൂക്ഷ പ്രതികരണവുനായി മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജൻ രംഗത്ത്. ലാവ്ലിൻ കാലത്ത് ആ കുട്ടിക്ക് പത്ത് വയസ് മാത്രമായിരുന്നു പ്രായമെന്ന് ചൂണ്ടിക്കാട്ടിയ ഇ പി, മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടുന്നതാണ് ഇതെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൻ ആയത് കൊണ്ട് ആ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാൻ പോലും ആ മകന് സാധിച്ചിരുന്നില്ല. ആ മകനെ ആണ് വേട്ടയാടുന്നത്. ഇ ഡി ആർക്കാണ് നോട്ടീസ് അയച്ചത്. ആരാണ് ആ നോട്ടീസ് വാങ്ങിയത്. ആ നോട്ടീസ് അയച്ചതിന് എന്തെങ്കിലും തെളിവുണ്ടോയെന്നും ഇ പി ജയരാജൻ ചോദിച്ചു. മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടുകയാണ്. ഇതെല്ലാം വേട്ടയാടലിന്‍റെ ഭാഗമാണ്. ആ കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ല എന്നതാണ് യു ഡി എഫ് നയമെന്നും ഇ പി കൂട്ടിച്ചേർത്തു. പേരാമ്പ്ര സംഘർഷത്തിൽ സി പി എം നടത്തിയ വിശദീകരണ യോഗത്തിലാണ് ഇ പിയുടെ വിമർശനം.