ദില്ലി: ലഡാക്ക് സംഘര്‍ഷത്തില്‍ രൂക്ഷ വിമർശനവുമായി ലഡാക്ക് എം പി മൊഹമ്മദ് ഹനീഫ. വെടിവെപ്പിൽ സർക്കാർ ജൂഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നും നേരിട്ട് യുവാക്കൾക്ക് നേരെ പൊലീസ് വെടിവെച്ചു എന്നും എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഇതിന്‍റെ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും യുവാക്കളെ തെരഞ്ഞുപ്പിടിച്ചു വേട്ടയാകുകയാണ്, കേന്ദ്രവുമായി നിലവിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല. തൊഴിൽ ലഭിക്കാത്ത യുവാക്കളുടെ പ്രതിഷേധമാണ് നടന്നത്. ലഡാക്കിലെ ജനങ്ങളെ ദേശ ദ്രോഹികളാക്കാനാണ് കേന്ദ്രശ്രമം എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പ്രതിഷേധം നേരത്തെ പ്രഖ്യാപിച്ചതാണ്. കർഫ്യൂ ഉൾപ്പെടെ പ്രഖ്യാപിച്ച് സർക്കാരിന് നിയന്ത്രിക്കാമായിരുന്നു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട യുവാക്കൾ പ്രതിഷേധത്തിലാണ്. അതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കാൻ ഭരണകൂടം ശ്രമിച്ചില്ല. ജലപീരങ്കി പോലും അവിടെയുണ്ടായില്ല. എന്നാൽ അവർ നേരിട്ട് വെടിവെച്ചു. ജമ്മു കശ്മീരിൽ പലയിടങ്ങളിലും ഭീകരവാദം ശക്തമായിരുന്നപ്പോൾ അതിന് ചെറുത്തു തോൽപ്പിച്ചവരാണ് കാർഗിലെയും ലഡാക്കിലെയും ജനങ്ങൾ. അവരെയാണ് ദേശദ്രോഹികൾ എന്ന് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ചർച്ചകളിൽ ഞങ്ങൾ വിശ്വസിക്കുന്നു എന്നാൽ നിലവിലെ സാഹചര്യത്തിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല എന്നും മൊഹമ്മദ് ഹനീഫ പ്രതികരിച്ചു
സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്താനിരുന്ന ചർച്ചകൾ വഴിമുട്ടിയ നിലയിലാണ്. ലേ അപ്പക്സ് ബോഡിക്ക് പിന്നാലെ ഇന്നലെ കാർഗിൽ നിന്നുള്ള ഡെമോക്രാറ്റിക് അലയിൻസും ചർച്ചയിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ഇരുസംഘടനകളെയും അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടങ്ങിയെന്നാണ് വിവരം. അതേസമയം ലഡാക്കിൽ ഇന്‍റര്‍നെറ്റ് നിയന്ത്രണം ഈ മാസം മൂന്നു വരെ നീട്ടി. കർഫ്യൂവിൽ ചെറിയ ഇളവ് പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്.