തിരുവനന്തപുരം: ശബരിമലയിലെ വസ്തുക്കൾ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ഒരു ഉന്നത ഉദ്യോഗസ്ഥൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയിരുന്നുവെന്ന് ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സിആർ രാധാകൃഷ്ണൻ. ന്യൂസ് അവറിലാണ് വെളിപ്പെടുത്തൽ നടത്തിയത്. 2019ലാണ് ഈ മുന്നറിയിപ്പ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വസ്തുവകകൾ പരിശോധിക്കുന്നതിന് അധികമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു, എന്നാൽ അന്നത്തെ പ്രസിഡന്റ് ഇക്കാര്യം ഗൗരവമായി എടുത്തില്ലെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തി.
ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
ശബരിമല സ്വർണ്ണ കേസിൽ കസ്റ്റഡിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. പുലർച്ചെ 2.30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടി. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്