ക്വീൻസ്ലാൻഡ് സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ പൊതു സേവന റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്ത് സർക്കാർ ജോലി അവസരങ്ങൾ നന്നായി ഉയർന്നിട്ടുണ്ട്. 2025 മാർച്ചുവരെ എണ്ണിയപ്പോൾ, ഫുൾ ടൈം തുല്യ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 270,883 ആയി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 5 ശതമാനം കൂടിയതാണ്. പാർട്ട് ടൈം ജീവനക്കാരെ ഉൾപ്പെടുത്തി ആകെ ജീവനക്കാരുടെ എണ്ണം 322,600 ആയി ഉയർന്നു.
ഫ്രണ്ട്‌ലൈൻ മേഖലകളായ ആരോഗ്യ, വിദ്യാഭ്യാസ, അടിയന്തര സേവനങ്ങളിൽ വ്യക്തമായ വളർച്ചയുണ്ട്. നഴ്‌സുമാരുടെയും മിഡ്‌വൈഫുകളുടെയും എണ്ണം 6 ശതമാനത്തോളം, ഡോക്ടർമാരുടെ എണ്ണം 8 ശതമാനത്തോളം, ആംബുലൻസ് ജീവനക്കാരുടെ എണ്ണം 5 ശതമാനത്തോളം വർധിച്ചതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഈ വളർച്ച സർക്കാരിൻ്റെ ചെലവിലും പ്രതിഫലിക്കുന്നു. 2025–26 സാമ്പത്തിക വർഷത്തിൽ ശമ്പളങ്ങൾക്കായി 38 ബില്യൺ ഡോളർ മാറ്റിവച്ചിട്ടുണ്ട്. 2028 ഓടെ ഇത് 42 ബില്യണിലേക്കാകും എന്നാണ് കണക്കാക്കുന്നത്.