സേലം: വീട്ടുജോലിക്ക് നിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഐടി കമ്പനി ജീവനക്കാരായ ദമ്പതികൾ അറസ്റ്റിൽ. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളെയാണ് സേലം പൊലീസ് അറസ്റ്റ് ചെയ്തത്. 41കാരനായ അവിനേഷ് സാഹുവും 37കാരിയായ അശ്വിൻ പട്ടേലുമാണ് പിടിയിലായത്. ബെംഗളൂരുവിൽ വച്ച് നടന്ന കൊലപാതകത്തിന് ശേഷം, മൃതദേഹം സ്യൂട്ട്കേസിലാക്കി സേലത്തെ പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
സേലം കോയമ്പത്തൂർ ദേശീയപാതയോട് ചേർന്ന ശങ്കരിക്കടുത്തെ പാലത്തിനടിയിൽ സെപ്റ്റംബർ 29 രാവിലെ ഒരു പുതിയ സ്യൂട്ട് കേസ് നാട്ടുകാർ കണ്ടെത്തി. തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി സ്യൂട്ട്കേസ് തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്താവുന്നത്. 15 വയസ്സിനടുത്ത് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം എന്നതിനപ്പുറം ഒരു നിഗമനവും തുടക്കത്തിൽ സാധ്യമായില്ല. തുടർന്ന് സ്യൂട്ട്കേസിന് പിന്നാലെയായി പൊലീസിന്ർറെ അന്വേഷണം.