ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ജ്വല്ലറിയിൽ നിന്ന് ദമ്പതികൾ സ്വർണമാല മോഷ്ടിച്ചു. 6 ലക്ഷം രൂപയുടെ സ്വർണ്ണമാലയാണ് ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയവർ മോഷ്ടിച്ചത്. ജീവനക്കാർ കൂടുതൽ ആഭരണങ്ങൾ കാണിച്ചുകൊടുക്കുന്നതിനിടെയാണ് സംഭവം. എന്നാൽ പതിവ് ഇൻവെന്ററി പരിശോധനകളിൽ കടയിലെ ആഭരണങ്ങൾ തൂക്കിനോക്കുന്നതുവരെ ജീവനക്കാർക്ക് മാല നഷ്ടപ്പെട്ടതായി മനസ്സിലായില്ല. തൂക്കി നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ദമ്പതികൾ സ്വർണ്ണ മാലകൾ നോക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചു. മിനിറ്റുകൾക്കുള്ളിൽ, സ്ത്രീ അതിവേഗത്തിൽ മാല തന്റെ മടിയിൽ വെച്ച് മറ്റൊന്ന് എടുത്തു. തുടർന്ന് അവൾ ഒരു മാല മേശപ്പുറത്ത് തിരികെ വയ്ക്കുകയും മടിയിൽ കിടന്നത് തന്റെ സാരി കൊണ്ട് മൂടുകയും ചെയ്തു. കൂടുതൽ മാലകൾ നോക്കുന്നതിനിടയിൽ, മോഷ്ടിക്കാൻ ഉദ്ദേശിച്ച ആഭരണങ്ങൾ രഹസ്യമായി ഒളിച്ചുവെച്ചു. ഇതിനിടയിൽ ആഭരണങ്ങളുടെ വില അവർ വിൽപ്പനക്കാരനോട് ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ ആഭരണങ്ങളൊന്നും ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് കടയിൽ നിന്ന് ഇറങ്ങിപ്പോയി. സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറി, രണ്ട് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.