കോട്ടയം: വൈക്കത്ത് ആളില്ലാത്ത വീട്ടിൽ കയറിയ കള്ളൻ ഷേവ് ചെയ്ത് ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച് മടങ്ങി. വീട് കുത്തിത്തുറന്ന് കയറിയ കള്ളന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്ന് കിട്ടി. കുറ്റാക്കൂരിരുട്ടിൽ പമ്മി പമ്മി വരുന്ന കള്ളൻ. കയ്യിൽ കൊച്ചു മൺവെട്ടിയും കാണാം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റ തെക്കേ നടയിൽ നിന്ന് 50 മീറ്റർ അകലെ ദർശനയിൽ കൃഷ്ണാംബാളിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ കള്ളൻ വാതിൽ കുത്തിത്തുറന്ന് കയറിയത്.
വാതിൽ കുത്തിത്തുറന്ന് കയറിയ കള്ളന് പക്ഷേ വീട്ടിൽ നിന്നൊന്നും കിട്ടിയില്ല. വീടിനുള്ളിലെ പെട്ടികളിൽ ഉണ്ടായിരുന്ന തുണിയെല്ലാം വലിച്ചുവാരിയിട്ടിട്ടും ഫലമുണ്ടായില്ല. ഫ്രിഡ്ജിലിരുന്ന കശുവണ്ടി കട്ടിലിൽ കൊണ്ടു വച്ചു കഴിച്ചതിന്റെ ലക്ഷണമുണ്ട്. മുറിയിലാകെ രോമം പടർന്ന് കിടക്കുന്നതിനാൽ കള്ളൻ ഷേവ് ചെയ്ത ശേഷമാണ് കടന്നതെന്നും പൊലീസ് അനുമാനിക്കുന്നു.അയൽവാസിയായ രാജേഷിന്റെ വീടിനു ചുറ്റും കള്ളൻ കറങ്ങുന്ന ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. എന്നാൽ ഈ വീടിനുള്ളിൽ കയറാൻ കള്ളൻ ശ്രമിച്ചില്ല. പുറത്തുണ്ടായിരുന്ന ചില സാധനങ്ങൾ കട്ടോണ്ട് പോവുകയും ചെയ്തു. സമീപകാലത്ത് വെച്ചൂർ മേഖലയിൽ മോഷണം നടത്തിയ ആൾ തന്നെയാണ് വൈക്കത്തും മോഷണത്തിന് ശ്രമിച്ചതെന്ന അനുമാനത്തിലാണ് പൊലീസ്.
അതേസമയം, തിരുവനന്തപുരത്ത് കാവടി ഘോഷയാത്ര കാണാൻ വീടുപൂട്ടി വീട്ടുകാർ പോയ സമയത്ത് പൂട്ട് പൊളിച്ച് കയറിയ കള്ളൻ 23 പവൻ സ്വർണവുമായി കടന്നു. കാട്ടാക്കട ആനാകോട് മണിയൻ പറമ്പിൽ വീട്ടിൽ വാട്ടർ അതോറിറ്റി ജീവനക്കാരൻ രാജേന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശനി രാത്രി ഏഴരയോടെ വീടിനു സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര കാണാൻ കുടുംബ സമേതം പോയി. ഒൻപതോടെ തിരികെയെത്തി. രണ്ടര മണിക്കൂറിനുള്ളിലായിരുന്നു കവർച്ച.