കല്‍പ്പറ്റ: മയക്കുമരുന്നുമായി ലോഡ്ജില്‍ തമ്പടിച്ച യുവാക്കളെ പൊലീസ് പിടികൂടി. മേപ്പാടി റിപ്പണ്‍ പുല്‍പ്പാടന്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് (22), കാപ്പന്‍കൊല്ലി കര്‍പ്പൂരക്കാട് ചാക്കേരി വീട്ടില്‍ സി ഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തന്‍ പീടികയില്‍ മുഹമ്മദ് റാഫി (22) എന്നിവരെയാണ് കല്‍പ്പറ്റ പോലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ചൊവ്വാഴ്ച വൈകീട്ടോടെ കല്‍പ്പറ്റ ആനപ്പാലത്തിനു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് മൂവര്‍ സംഘം പിടിയിലാവുന്നത്. ഇവരില്‍ നിന്ന് 1.73 ഗ്രാം മെത്തഫിറ്റമിന്‍ പിടിച്ചെടുത്തു. കല്‍പ്പറ്റ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ അജലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധന കുറഞ്ഞത് മുതലെടുത്ത് വയനാട്ടിലൂടെ ലഹരിക്കടത്ത് വീണ്ടും വ്യാപകമാകുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെയായി നിരവധി കേസുകളാണ് ന്യൂജെന്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തത്. മുത്തങ്ങ, തോല്‍പ്പെട്ടി അടക്കമുള്ള ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമായി തുടരുകയാണ്.