മെൽബൺ: ഓസ്‌ട്രേലിയയിൽ റിട്ടാട്രൂട്ടൈഡ് (Retatrutide) എന്ന ലേബലിൽ വിൽക്കുന്ന അംഗീകാരമില്ലാത്ത പെപ്റ്റൈഡ് ഉൽപന്നങ്ങൾ ഉപയോഗിച്ച ആറ് പേർക്ക് ഗുരുതരമായ കരൾ വിഷബാധ (Acute liver toxicity) ബാധിച്ചതായി വിക്ടോറിയൻ ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഈ പശ്ചാത്തലത്തിൽ ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കാരോളൈൻ മക്എൽനി പൊതുജനങ്ങൾക്കായി അടിയന്തിര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
വിപണിയിൽ ‘റിട്ടാട്രൂട്ടൈഡ്’ (Retatrutide), ‘റിട്ടാ’ (Reta), ‘R-10’, ‘R-20’ എന്നീ പേരുകളിലാണ് ഇവ വിൽക്കപ്പെടുന്നത്. ഓൺലൈൻ വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് ആളുകൾ ഇവ വാങ്ങുന്നത്. ഈ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന അന്യവസ്തുക്കളോ രാസവസ്തുക്കളോ ആകാം കരളിന് തകരാറുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇഞ്ചക്ഷൻ വഴി ഉപയോഗിക്കുന്ന ഇത്തരം വ്യാജ മരുന്നുകൾ വലിയ തോതിലുള്ള അണുബാധയ്ക്കും കോശങ്ങളുടെ നശീകരണത്തിനും കാരണമാകാം. കടുത്ത ക്ഷീണം, വയറുവേദന, ചർമ്മത്തിൽ ചൊറിച്ചിൽ, കടുത്ത നിറത്തിലുള്ള മൂത്രം, കണ്ണ് അല്ലെങ്കിൽ ചർമ്മം മഞ്ഞനിറമാകുക (മഞ്ഞപ്പിത്തം), പെട്ടെന്ന് ചതവുകൾ ഉണ്ടാകുക എന്നിവയാണ് ഈ വിഷബാധയുടെ ലക്ഷണങ്ങൾ.
തടി കുറയ്ക്കുന്നതിനും മസിൽ വളർച്ചയ്ക്കും പ്രായം കുറയുന്നതിനുമായി വിപണിയിലെത്തുന്ന ഇത്തരം വ്യാജ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം ശക്തമായി മുന്നറിയിപ്പ് നൽകുന്നു. ഈ ഉൽപന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.































