വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ട്രംപ് ബലാത്സംഗം ചെയ്തെന്നും തന്നെ അപമാനിച്ചെന്നും ജീന്‍ കരോള്‍ വെളിപ്പെടുത്തിയത്.
30 വര്‍ഷം മുമ്ബ് മാന്‍ഹട്ടനിലെ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ബലാത്സംഗം ചെയ്തെന്നാണ് എല്ലെ മാഗസിന്‍ കോളമിസ്റ്റായിരുന്ന 79കാരിയുടെ ആരോപണം. ഡ്രസിങ് റൂമില്‍ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് ഭയന്നാണ് താന്‍ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കി. തന്റെ ആരോപണത്തെ കള്ളം, തട്ടിപ്പ് എന്നിങ്ങനെ വിശേഷിപ്പിക്കുകയും ഓര്‍മക്കുറിപ്പ് വിറ്റഴിക്കാനുള്ള തന്ത്രമാണെന്ന് ആക്ഷേപിക്കുകയും ചെയ്ത് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും കരോള്‍ പറയുന്നു.
1996ലാണ് കേസിനാസ്പദമായ സംഭവം. 2019ല്‍ തന്റെ പുറത്തിറങ്ങാനുള്ള പുസ്തകത്തില്‍നിന്നുള്ള ഭാഗങ്ങള്‍ ന്യൂയോര്‍ക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് കരോള്‍ ആദ്യമായി ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍, ബലാത്സംഗ ആരോപണം അന്ന് ഉന്നയിച്ചിരുന്നില്ല. അതേസമയം, ജീന്‍ കരോളിനെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും പറയുന്നത് കള്ളമാണെന്നും ട്രംപ് പ്രതികരിച്ചു. പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ട്രംപിന്റെ അഭിഭാഷകന്‍ വാദിച്ചു.
അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. അമേരിക്കയിലെ മാന്‍ഹട്ടന്‍ ഗ്രാന്‍ഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. പോണ്‍താരം സ്‌റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍ (ഏകദേശം 1.06 കോടി രൂപ) നല്‍കിയെന്ന കേസിലായിരുന്നു നടപടി.