പ്രവാസലോകത്തെ ഏറ്റവും വലിയ വടംവലിയായ മെൽബൺ വടംവലിക്ക് തിരിതെളിയുവാൻ ഇനി ദിവസങ്ങൾ മാത്രം. നവംബർ മാസം ഒന്നാം തിയതി, മെൽബണിലെ ഡാണ്ടിനോങ് സെന്റ് ജോൺസ് റീജിയണൽ കോളേജിൽ വെച്ചാണ് ഫിഷിങ് ആൻഡ് അഡ്വെഞ്ചർ ക്ലബ് മെൽബണും (FAAM Club) മെൽബൺ കോട്ടയം ബ്രെദേർസും (MKB) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോംഫിൻ ലോൺസ് വൻഡോർ വേ ഇന്റർനാഷണൽ അണിയിച്ചൊരുക്കുന്ന മെൽബൺ വടംവലി മാമാങ്കം അരങ്ങേറുന്നത്.
ന്യൂസിലാൻഡിൽ നിന്നും മൂന്ന് ടീമുകൾ ഉൾപ്പെടെ ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 ചാമ്പ്യൻ ടീമുകളാണ് ഈ ചരിത്ര വടംവലിമത്സരത്തിൽ പങ്കാളികളാകുന്നത്. ഓസ്‌ട്രേലിയ കണ്ട ഏറ്റവും വലിയ ട്രോഫി, പ്രവാസലോകത്ത് ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന മത്സരം അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് മൂന്നാമത് മെൽബൺ വടംവലിക്ക് കാഹളമൂതുവാൻ പോകുന്നത്.
കുട്ടികൾക്കായി വിവിധ വിനോദപരിപാടികൾ, നാടൻ ഭക്ഷണശാല, തെക്കൻ റെവല്യൂഷന്റെ ബാൻഡ്, ഫ്‌ളാഷ്മൊബ് തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളുമായാണ് ഈ കലാപൂരം കാണികളെ വരവേൽക്കാൻ തയ്യാറായിരിക്കുന്നത്.
മനോജ് മാത്യു വള്ളിത്തോട്ടം ചെയർമാനായും, ബിജോ മുളയ്ക്കൽ കൺവീനറായും, സിബിൾ മണ്ണാട്ടുപറമ്പിൽ ഓഫീസ് സെക്രട്ടറിയായും, തൊമ്മി മലയിൽ ടീം ക്യാപ്റ്റനായും, എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ജോജി സി ബേബി കുന്നുകാലായിൽ, ബെഞ്ചമിൻ മേച്ചേരിയിൽ, കിരൺ ജോ പതിയിൽ, ജിം ജോസ് ചെറുകര, ഷാജി കൊച്ചുവേലിക്കകം, തമ്പി ചക്കാലയിൽ, ജോൺ പുതിയകുന്നേൽ, ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ജിജോ ബേബി കാക്കനാട്ട്, മെൽവിൻ സജി കുന്നുംപുറം, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവരാണ് മറ്റ് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ.
ചരിത്രമാകുവാൻ പോകുന്ന മെൽബൺ വടംവലി കണ്ടാസ്വദിക്കുവാനും, ചാമ്പ്യൻ ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും, ഓഷ്യാനയിലെ എല്ലാ വടംവലി പ്രേമികളെയും ഏറ്റവും സ്നേഹപൂർവ്വം ഡാൻഡിനോങ്ങിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നുവെന്ന് സംഘാടകാരായ ഫാം ക്ലബും എം.കെ.ബിയും അറിയിച്ചു.